കണ്ണൂർ: നിരവധി നിക്ഷേപ തട്ടിച്ച് കേസിലെ പ്രതിയായ രാഹുല്‍ ചക്രപാണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പണം നഷ്ടപ്പെട്ട നിക്ഷേപകർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി രംഗത്തെത്തി.
മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ അനധികൃത ധനകാര്യ സ്ഥാപനങ്ങള്‍ ആരംഭിച്ച് കണ്ണൂർ - കാസർഗോഡ് ജില്ലകളില്‍ നിന്നായി കോടികള്‍ തട്ടിപ്പ് നടത്തിയ രാഹുല്‍ ചക്രപാണിയും സംഘവും തട്ടിപ്പിപ്പോള്‍ കേരളത്തിലെ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിച്ചിരിക്കയാണെന്ന് തട്ടിപ്പിനിരയാവരുടെ കൂട്ടായ്മയായ ആക്ഷൻ കമിറ്റി ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലബാർ മള്‍ട്ടി സ്റ്റേറ്റ് ആ ഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയല്‍ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേർസ് കമ്പനി ലിമിറ്റഡ്, റോയല്‍ ട്രാവൻകൂർ നിധി ലിമിറ്റഡ്, കാനറാ ഫിഷ് ഫാർമേർസ് പ്രൊഡ്യൂസേർസ് കമ്പനി എന്നീ പേരുകളില്‍ രാഹുല്‍ ചക്രപാണിയും സംഘവും കോടിക്കണക്കിന് രൂപയാണ് കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ നിക്ഷേപകരില്‍ നിന്നായി തട്ടിയെടുത്തത്.
ജോലി വാഗ്ദ്ധാനം ചെയ്തു യുവതി - യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചു കബളിപ്പിച്ചിട്ടുണ്ട്. നിക്ഷേപകർ വീടുകളില്‍ വന്ന് പണത്തിനായി ബഹളം വയ്ക്കുന്നതിനായി ജീവനക്കാരികള്‍ കെട്ടുതാലി പണയം വെച്ചാണ് കടം വീട്ടിയത്.
സെക്യുരിറ്റിക്കാർ, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി ഒട്ടേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ട്. 2019ല്‍ പത്തു ശതമാനം പലിശ നിരക്കില്‍ ഡെപ്പോസിറ്റ് സ്കീമില്‍ ചേർന്നവർക്ക് അഞ്ച് വർഷം കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ചു നല്‍കിയില്ല. ഇതിന് പകരം കണ്ണൂർ നഗരത്തിലെ ഓഫീസുകള്‍ പൂട്ടി മറ്റു ജില്ലകളിലേക്ക് മാറ്റുകയാണെന്ന് നിക്ഷേപകർ പറഞ്ഞു.
ഇതിനാല്‍ പണം തിരിച്ചു കിട്ടാൻ ഗത്യന്തരമില്ലാതെ നിക്ഷേപകർ സംഘടിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിക്കയും തട്ടിപ്പ് സാമ്പത്തിക കുറ്റാന്വേഷണ വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അനുകൂല മായി പ്രതികരിച്ച അദ്ദേഹം തട്ടിപ്പിന്നിരയായ 13 പേരില്‍ നിന്നായി പരാതി സ്വീകരിക്കയും ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും റിപ്പോർട്ട് കിട്ടിയ ശേഷം കർശന നടപടി ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കണ്ണൂർ ടൗണ്‍ പൊലിസ് സ്റ്റേഷൻ ഉള്‍പ്പെടെയുള്ള ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ല.
പൊലിസിന് പരാതി കൊടുത്ത ചിലരെ രാഹുല്‍ ചക്രപാണി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തു കയാണെന്നും നിക്ഷേപകർ പറഞ്ഞു.
കണ്ണൂർ - കാസർഗോഡ് ജില്ലകളില്‍ ഗത്യന്തരമില്ലാതെയിപ്പോള്‍ കോഴിക്കോട്, മലപ്പുറം പാലക്കാട്, തൃശൂർ, ഏറണാകുളം ജില്ലകളിലേക്ക് പുതിയ പേരില്‍ വ്യാപിപ്പിച്ചിരിക്കയാണെന്നും, പണം നഷ്ടപ്പെട്ടവർ ഒന്നായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കൊച്ചിയില്‍ റീജ്യനല്‍ ഓഫിസ് തുടങ്ങി തട്ടിപ്പ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍ ചക്രപാണി ഇപ്പോള്‍.
ഇതിനെതിരെ സെൻട്രൻ റജിസ്റ്റാർ ഫോർ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർക്ക് പരാതി നല്‍കുമെന്ന് തട്ടിപ്പിന് ഇരയായവർ അറിയിച്ചു.
വാർത്താ സമ്മേളനത്തില്‍ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എം.പവിത്രൻ' സി. സുരേഷൻ' ഇവി രവീന്ദ്രൻ 'എം. രാജേഷ്. ജില്‍ ബി, കെ.പി ഗംഗാധരൻ,പി. ബാബുരാജ് എന്നിവർ പങ്കെടുത്തു.