Zygo-Ad

ഉടമയറിയാതെ പാസ്പോര്‍ട്ട് കാൻസല്‍ ചെയ്തു; കണ്ണൂരില്‍ നിന്ന് ഒമാനിലേക്കുള്ള അഞ്ചംഗ കുടുംബത്തിന്‍റെ യാത്ര‌ മുടങ്ങി


 കണ്ണൂർ:  സന്ദര്‍ശക വിസ എടുത്ത് ഒമാനിലേക്ക് പുറപ്പെട്ട അഞ്ചംഗ കുടുംബത്തിന്‍റെ യാത്ര‌ തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് മുടങ്ങി.

ബോഡിങ് പാസ് ലഭിച്ച്‌ എമിഗ്രേഷന്‍ വിഭാഗത്തിലെത്തിയപ്പോഴാണ് മത്രയിലുള്ള മലയാളി പ്രവാസിയോടൊപ്പം ചേരാനായി കണ്ണൂർ എയര്‍പോട്ടിലെത്തിയ കണ്ണൂര്‍ കണ്ണാടിപ്പറമ്ബ് സ്വദേശിയുടെ ഭാര്യയുടെയും മക്കളുടെയും യാത്രക്ക് തടസ്സം നേരിട്ടത്.

കുടുംബത്തെ സ്വീകരിക്കാന്‍ മസ്കത്ത് എയര്‍പോട്ടിലേക്ക് പുറപ്പെട്ട ശേഷമാണ് ഒമാനിലുള്ള പ്രവാസി യാത്രമുടങ്ങിയ വിവരം അറിയുന്നത്‌. നാല് പെണ്‍ മക്കള്‍ക്ക് മാതാവിനെ കൂടാതെ യാത്ര അസാധ്യമായതിനാല്‍ അഞ്ചുപേരുടെയും യാത്ര മുടങ്ങുകയായിരുന്നു. തങ്ങളുടേതല്ലാത്ത പിഴവ് മൂലം പ്രവാസിക്ക് സംഭവിച്ചത് വന്‍ നഷ്ടമാണ്. അഞ്ചു പേരുടെ ടിക്കറ്റ്, യാത്ര വിസചെലവ്, താല്‍ക്കാലികമായി എടുത്ത കെട്ടിട വാടക തുടങ്ങി ഭീമന്‍ നഷ്ടമാണ് പ്രവാസി തൊഴിലാളിക്ക് നിനച്ചിരിക്കാതെ വന്നുപെട്ടത്.

ഭാര്യയുടെ പാസ്പോർട്ട് കാന്‍സലാണ് എന്നും കുട്ടികള്‍ക്ക് യാത്ര തടസ്സമില്ലെന്നുമാണ് എമിഗ്രേഷനില്‍നിന്നും അറിയിച്ചതെന്ന് മത്രയിലെ പ്രവാസി പറഞ്ഞു. അപേക്ഷിക്കാതെ പാസ്പോർട്ട് സ്വയം കാന്‍സലാകുന്ന സംഭവം ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും അദേഹം പറഞ്ഞു.

അതേ പാസ്പോർട്ട് ഉപയോഗിച്ചാണ് മക്കള്‍ക്കും ഭാര്യക്കും വിസ എടുത്തതും ബോഡിങ് പാസ് ലഭിച്ചതും. കലാവധി തീര്‍ന്ന മൈനറായ മകളുടെ പാസ്പോർട്ട് പുതുക്കാനായി പാസ്പോർട്ട് ഓഫിസില്‍ ഏല്‍പിച്ചിരുന്നു.മകള്‍ക്ക് പുതിയ പാസ്പോർട്ട് നല്‍കി പഴയത് കാന്‍സല്‍ ചെയ്തപ്പോള്‍ കൂട്ടത്തില്‍ അശ്രദ്ധയില്‍ മാതാവിന്‍റ പാസ്പോർട്ട് കാന്‍സല്‍ ചെയ്തതാകാനാണ് സാധ്യത എന്നാണ് കരുതുന്നത്.


കണ്ണൂര്‍ പാസ്പോർട്ട് ഒഫിസിലെ ജീവനക്കാരന് പറ്റിയ പിഴവിനാല്‍ ഭീമമായ നഷ്ടം സഹിക്കേണ്ടി വന്നത്‌ പാവം പ്രവാസിക്കാണ്.പാസ്പോർട്ട് റദ്ദാക്കിയതായി സീലോ മറ്റോ രേഖപ്പെടുത്തി കണ്ടതുമില്ലെന്നാണ് പ്രവാസി പ്രയാസത്തോടെ പറയുന്നത്.

Previous Post Next Post