ഏറെ കാത്തിരിപ്പിനുശേഷം മസ്കത്തില്‍നിന്നുള്ള കണ്ണൂർ യാത്രക്കാർക്ക് ആശ്വാസം പകരാൻ ഇൻഡിഗോ എത്തുന്നു.
കണ്ണൂരിലേക്ക് ആഴ്ചയില്‍ മൂന്ന് സർവിസുകള്‍ ഇൻഡിഗോ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മസ്കത്തില്‍നിന്ന് കണ്ണൂരിലേക്കും അതേ ദിവസങ്ങളില്‍ തന്നെ കണ്ണൂരില്‍നിന്നും മസ്കത്തിലേക്കുമാണ് സർവിസുകള്‍ നടത്തുന്നത്.
ഇതോടെ മസ്കത്തില്‍ കഴിയുന്ന ഉത്തരമലബാറുകാരുടെ യാത്രാ പ്രശ്നത്തിന് നേരിയ പരിഹാമാരമാകും. എങ്കിലും വാരാന്ത്യ അവധി ദിവസങ്ങളില്‍ സർവിസുകള്‍ ഇല്ലാത്തത് കമ്ബനികളിലും സർക്കാർ സർവിസുകളിലും ജോലി ചെയ്യുന്നവരെ ബാധിക്കും. സാധാരണ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് പ്രയോജനം ലഭിക്കണമെങ്കില്‍ വ്യാഴാഴ്ച രാത്രിയിലോ വെള്ളിയാഴ്ച കാലത്തോ സർവിസുകള്‍ ഉണ്ടായിരിക്കണം. ഈ മാസം 22ന് കണ്ണൂരില്‍ നിന്നാണ് ഇൻഡിഗോ മസ്കത്തിലേക്കുള്ള കന്നി യാത്ര ആരംഭിക്കുക. ചൊവ്വാഴ്ച അർധ രാത്രി 12.40 ന് കണ്ണൂരില്‍നിന്നുള്ള വിമാനം പറന്നുയരും.
പുലർച്ചെ 2.35 നാണ് മസ്കത്തില്‍ എത്തുക. അതേ ദിവസം പുലർച്ചെ 3.35 ന് മസ്കത്തില്‍നിന്ന് പറന്ന് രാവലെ 8.30 ന് കണ്ണൂരില്‍ എത്തും. യാത്രക്കാർക്ക് ഏഴ് കിലോ കാബിൻ ബാഗേജും 30 കിലോ ലഗേജും കൊണ്ടുപോവാൻ കഴിയും. മൂന്ന് തരം ടിക്കറ്റുകളാണ് ഇൻഡിഗോക്കുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കുള്ള സേവ് ഫെയറില്‍ ഏഴ് കിലോ ഹാൻഡ് ബാഗും 30 കിലോ ലഗേജുഗമാണ് അനുവദിക്കുക. ഇതില്‍ ഭക്ഷണം ലഭ്യമാവില്ല. യാത്രാ തീയതി മാറ്റുന്നതിന് 6000 രുപയും റദ്ദാക്കുന്നതിന് 9000 രൂപയും നഷ്ടപ്പെടും. കുറച്ചുകൂടി ഉയർന്ന നിരക്കുള്ള ഫ്ലക്സ് ടിക്കറ്റെടുക്കുന്നവർക്ക് വിമാനത്തില്‍ സൗജന്യ ഭക്ഷണം ലഭിക്കും. ഈ വിഭാഗത്തില്‍പ്പെടുന്നവർക്കും ഏഴ് കിലോ ഹാന്റ് ബാഗും 30 കിലോ ലഗേജും അനുവദിക്കും.
യാത്രാ തീയതി മാറ്റുന്നവർക്ക് 2000 ഇന്ത്യൻ രൂപയും ടിക്കറ്റ് കാൻസല്‍ ആക്കുന്നവർക്ക് 8000 ഇന്ത്യൻ രൂപയുമാണ് നഷ്ടമാവുക. കുറച്ചുകൂടി ഉയർന്ന നിരക്കായ സൂപ്പർ ഫെയർ എടുക്കുന്നവർക്ക് ഏഴ് കിലോ ഹാൻഡ് ബാഗും 35 കിലോ ലഗേജും ലഭിക്കും. ഈ വിഭാഗത്തില്‍ ടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യ ഭക്ഷണവും ലഭിക്കും. യാത്രാ തീയതി മാറ്റുമ്ബോള്‍ 700 രൂപയും കാൻസല്‍ ചെയ്യുമ്പോള്‍ 3000 രൂപയുമാണ് നഷ്ടമാവുക. ഈ മാസം മസ്കത്തില്‍നിന്ന് കണ്ണൂരിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കായ സേവ് ഫെയർ എടുക്കുന്നവർ 42.500 റിയാലാണ് നല്‍കേണ്ടത്.
അതേ ദിവസം ഫ്ലക്സ് ടിക്കറ്റ് എടുക്കുന്നവർ 46.800 റിയാലാണ് നല്‍കേണ്ടത്. കുടുതല്‍ സൗകര്യമുള്ള സൂപ്പർ ഫെയർ ടിക്കറ്റിന് 49.850 റിയാലും ഈടാക്കും. കണ്ണൂരില്‍നിന്ന് അതേ ദിവസം എറ്റവും കുറഞ്ഞ വിഭാഗത്തിന് 10,000 രൂപയും രണ്ടാം വിഭാഗത്തിന് 10,800 രൂപയും ഉയർന്ന സൗകര്യമുള്ളതിന് 11,300 രുപയുമാണ് നിരക്ക്. ഇതില്‍ മുന്നാം വിഭാഗത്തിന്റെ നിരക്കുകള്‍ കൂടുതലാണെങ്കിലും 35 കിലോ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉള്ളതിനാല്‍ യാത്രക്കാൻ സുപ്പർ ഫെയർ ടിക്കറ്റുകള്‍ എടുക്കാനാണ് സാധ്യത.
ഏറെ കൃത്യതയോടെ സർവിസ് നടത്തുന്ന വിമാന കമ്പനിയായാണ് ഇൻഡിഗോ അറിയപ്പെടുന്നത്. നിലവില്‍ എയർ ഇന്ത്യാ എക്സ്പ്രസ് കണ്ണൂരില്‍നിന്ന് സർവിസ് നടത്തുന്നുണ്ടെങ്കിലും റദ്ദാക്കലും യാത്ര വൈകലും അടക്കമുളള മുൻകാല അനുഭവങ്ങള്‍ കാരണം പലരും ടിക്കറ്റെടുക്കാൻ മടിക്കുന്നത് ഇൻഡിഗോക്ക് അനുഗ്രഹമാവും. ഏതായാലും ഇന്ത്യൻ വിമാന കമ്പനിയായ ഇന്റിഗോ കണ്ണൂരിലേക്ക് സർവിസ് നടത്തുന്നുവെന്ന വാർത്ത ഉത്തരമലബാറുകാർ ഏറെ സന്തോഷത്തോടെയാണ് ഏതിരേറ്റത്.