കണ്ണൂർ : പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവിന്റെ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ്. കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി ജയകൃഷ്ണൻ ടിയാണ് വി ഡി സതീശനെ പരിഹസിക്കുന്ന വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരിക്കുന്നത്.
'നേതാവേ അടുത്ത വിഷയം' എന്ന് ജയകൃഷ്ണൻ ചോദിക്കുന്നതായും 'ഒരു നിശ്ചയവുമില്ല മനോരമയില്‍ ഒന്നും വന്നില്ല' എന്ന് വിഡി സതീശൻ മറുപടി പറയുന്നതായുമുള്ള ഇരുവരുടെയും ചിത്രം ഉള്‍പ്പെടുന്ന കാർഡാണ് വാട്ട്സ്‌ആപ്പ് സ്റ്റാറ്റസായി പങ്കുവെച്ചിരിക്കുന്നത്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ അടുത്ത അനുയായിയാണ് ജയകൃഷ്ണൻ.
കേരളത്തിലെ നേതാക്കള്‍ ഐക്യത്തോടെ മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേർന്ന കേരള നേതാക്കളുടെ യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഐക്യത്തിൻ്റെ സന്ദേശം പങ്കുവെച്ചുള്ള രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍മീഡിയ പോസ്റ്റും ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ പരിഹസിച്ചുകൊണ്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ അടുത്ത അനുയായിയും കണ്ണൂർ ജില്ലയില്‍ നിന്നുള്ള പ്രധാനനേതാവുമായ ജയകൃഷ്ണൻ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരിക്കുന്നത്.