കണ്ണൂർ: കോളേജ് പഠനകാലത്തെ വൈരാഗ്യത്തില്‍ സീനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കക്കാട് പള്ളിപ്രത്തെ എം.കെ.മുഫാസിനെയാണ് (20) കണ്ണൂർ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ മംഗളൂരുവില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിന് കണ്ണൂർ തെക്കീ ബസാറില്‍ വച്ചാണ് കേസിനാസ്പദനായ സംഭവം നടന്നത്. വാരം പുറത്തില്‍ അദ്ധ്യാപക ട്രെയിനിംഗ് സ്‌കൂള്‍ വിദ്യാർത്ഥിയായ മുഹമ്മദ് മുനീസിനെയാണ് മർദ്ദിച്ചത്. സംഭവത്തില്‍ മുഫാസിന് പുറമെ കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.
ഒന്നരവർഷം മുൻപ് ആദികടലായി ലീഡേഴ്സ് കോളേജില്‍ വച്ച് നടന്ന അടിപിടിയുടെ വിരോധത്തില്‍ സംഘം ചേർന്നെത്തി പ്രതികള്‍ മർദ്ദിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് മുഖത്ത് ചുണ്ടിനും പരിക്കേല്‍പ്പിക്കുകയും കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും തന്നെ രക്ഷിക്കാൻ വന്ന സുഹൃത്തിനെയും പ്രതികള്‍ മർദ്ദിച്ചെന്നുമാണ് മുനീസ് പൊലീസില്‍ നല്‍കിയ പരാതി. കേസില്‍ ഇനിയും നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.