Zygo-Ad

കൂട്ടുകാരിയോട് പ്രണയം മൊട്ടിട്ടു; വിനോദ യാത്ര പോയതോടെ പ്രണയം പരസ്യമായി; ഭര്‍ത്താവ് വിലക്കിയതോടെ പകയായി; കണ്ണൂരിലെ പ്രാദേശിക ബിജെപി നേതാവിനെ കൊലപ്പെടുത്തിയത് നിശ്ചയിച്ചുറപ്പിച്ചെന്ന് പ്രതി

 


പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനെത്തിയതോടെ പഴയ  പിലാത്തറ കൈതപ്രത്ത് പ്രാദേശിക ബിജെപി നേതാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പൂർവി വിദ്യാർത്ഥി സംഗമത്തില്‍ മൊട്ടിട്ട പ്രണയം.

ഗുഡ്‌സ് ഓട്ടോ ഡ്രൈവർ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം വിലക്കിയതിന്റെ പകയെന്നാണ് പ്രതി എൻ.കെ.സന്തോഷ് പൊലീസിനോട് വെളിപ്പെടുത്തിയത്. സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. അടുത്തിടെ നടന്ന പൂർവവിദ്യാർത്ഥി സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയതോടെയാണ് ഇരുവരും തമ്മില്‍ അടുത്തത്. ഇതിനിടെ രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണ ചുമതലയും സന്തോഷിന് നല്‍കിയിരുന്നു. എന്നാല്‍, പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ച വിനോദയാത്രയിലെ ചില ചിത്രങ്ങള്‍ കണ്ടതോടെ തന്റെ ഭാര്യയും സന്തോഷും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ രാധാകൃഷ്ണന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് ആരംഭിച്ച പ്രശ്നങ്ങളാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്നലെ സന്തോഷിനെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. കനത്ത സുരക്ഷയില്‍ പരിയാരം പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. കൊല്ലാൻ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു. പുതുതായി പണിയുന്ന വീട്ടിലായിരുന്നു രാധാകൃഷ്ണൻ വ്യാഴാഴ്ച വെടിയേറ്റ് മരിച്ചത്. ഈ വീടിന്റെ പിൻവശത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു തോക്ക്. വെള്ളിയാഴ്ച വൈകിട്ടാണ് പ്രതിയെ കൈതപ്രത്ത് കൊണ്ടുവന്നത്. ജനങ്ങള്‍ രോഷാകുലരായെങ്കിലും പൊലീസ് നിയന്ത്രിച്ചു. സന്തോഷിന് ഭാവവ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.

രാധാകൃഷ്ണനെ വെടിവെച്ചുകൊന്നത് ആസൂത്രിതമായെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാധാകൃഷ്ണന്റെ മരണ കാരണം നെഞ്ചില്‍ വെടിയേറ്റത് കൊണ്ടാണ് വ്യക്തമായി. വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. നാടൻ തോക്ക് ഉപയോഗിച്ചാണ് പ്രതി സന്തോഷ് വെടിയുതിർത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് എത്തിയതെന്ന് സന്തോഷ് പൊലീസിന് മൊഴി നല്‍കി. തോക്കും കത്തിയുമായാണ് പ്രതി സന്തോഷ് കൈതപ്രത്ത് എത്തിയത്. വെടിവെയ്ക്കാൻ കഴിഞ്ഞില്ലെങ്കില്‍ ആക്രമിക്കാനാണ് കത്തി കയ്യില്‍ കരുതിയത്. നിർമാണത്തിലിരിക്കുന്ന വീട്ടില്‍ രാധാകൃഷ്ണൻ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നുവെന്നും സന്തോഷ് മൊഴി നല്‍കി. വീട്ടിലേക്ക് കയറി നിമിഷങ്ങള്‍ക്കുളളില്‍ വെടിയുതിർത്തു. രാവിലെ രാധാകൃഷ്ണന്റെ ഫോണില്‍ വിളിച്ച്‌ സന്തോഷ് ഭീഷണി മുഴക്കി. സന്തോഷ് ഭീഷണിപ്പെടുത്തിയ വിവരം രാധാകൃഷ്ണൻ മകനെ അറിയിച്ചിരുന്നു. ഭാര്യയുമായുളള സൗഹൃദം വിലക്കിയത് പ്രകോപനമായെന്ന് ചോദ്യം ചെയ്യലില്‍ സന്തോഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ കഴിയാത്തതിലെ വിരോധം കൊണ്ടാണ് കൊലപാതകമെന്നാണ് എഫ്‌ഐആർ. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികളാണ്. ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും അത് തുടരാൻ സാധിക്കാത്തതിന്റെ വിരോധത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറിലുള്ളത്. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ സന്തോഷിനെതിരെ രാധാകൃഷ്ണൻ രണ്ട് മാസം മുൻപ് പരിയാരം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഫേസ്ബുക് പോസ്റ്റുകളുടെ പേരിലും പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് വിവരം.

രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിനുണ്ടായിരുന്ന അടുപ്പം ഇവരുടെ കുടുംബജീവിതത്തെ താളം തെറ്റിച്ചിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ബന്ധുക്കളും ബിജെപി നേതാക്കളും മുൻകൈയെടുത്താണ് അടുത്തകാലത്ത് പരിഹരിച്ചത്. എന്നാല്‍ ബിജെപി നേതാക്കള്‍ താക്കീതു ചെയ്തിട്ടും സന്തോഷ് അടങ്ങിയില്ല. ഫോണിലൂടെയും അല്ലാതെയും ഇയാള്‍ നിരന്തരം രാധാകൃഷ്ണന്റെ ഭാര്യയെ ശല്യം ചെയ്യുകയായിരുന്നു. ബിജെപി ജില്ലാ കമ്മറ്റി അംഗമാണ് രാധാകൃഷ്ണന്റെ ഭാര്യ. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് രാധാകൃഷ്ണന്റെ നെഞ്ചത്ത് സന്തോഷ് വെടിവെച്ചത്. പോയിന്റ് ബ്ളാങ്കില്‍ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിർത്തത്. മുഖാമുഖം നിന്ന് വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം.

വീട് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു. രാധാകൃഷ്ണന്റെ പുതിയ വീടിന്റെ നിർമ്മാണച്ചുമതല സന്തോഷിനായിരുന്നു. എന്നാല്‍, ഭാര്യയുമായുള്ള അടുപ്പം മനസിലാക്കിയ രാധാകൃഷ്ണൻ, സന്തോഷിനെ വീടുപണിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. കൂടാതെ ഫോണില്‍ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച്ച വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിർമാണം നടക്കുന്ന വീട്ടിലേക്ക് എത്തി. ഇവിടെവെച്ച്‌ നടന്ന തർക്കത്തിനൊടുവില്‍ രാധാകൃഷ്ണന് നേർക്ക് സന്തോഷ് നിറയൊഴിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ നിന്നും രാധാകൃഷ്ണനെ കൊലപ്പെടുത്താൻ പ്രതി സന്തോഷ് നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.

കൊലപാതകം നടക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്ബ് സന്തോഷ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ 'നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാല്‍ ഞാൻ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല' എന്ന് എഴുതിയിരുന്നു. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുൻപ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു ഉണ്ടായിരുന്നത്. 'കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളുമെന്നത് ഉറപ്പ്' എന്നാണ് സന്തോഷ് കുറിച്ചിരുന്നത്. വേറെയും നിരവധി പോസ്റ്റുകള്‍ പ്രതി സന്തോഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. രാധാകൃഷ്ണന്റെ പണി നടന്നു കൊണ്ടിരിക്കുന്ന വീടിനു സമീപത്തു നിന്നും സന്തോഷിനെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂർ കല്യാട് സ്വദേശിയാണ് രാധാകൃഷ്ണൻ. ഇരുപതുവർഷങ്ങള്‍ക്കു മുൻപാണ് രാധാകൃഷ്ണൻ മാതമംഗലത്തെത്തിയത്. ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇദ്ദേഹം ബിജെപിയുടെ പ്രാദേശിക നേതാവു കൂടിയാണ്. രാധാകൃഷ്ണന്റെ ഭാര്യ ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമാണ്. 49 വയസുകാരനായ രാധാകൃഷ്ണൻ സൗമ്യ സ്വഭാവക്കാരനും ആരോടും വഴക്കിന് പോകുന്നയാളല്ലെന്നും പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്

Previous Post Next Post