കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-മുംബൈ വിമാന സർവീസ് ആരംഭിച്ചു. ഉദ്ഘാടന വിമാനത്തില്‍ ആദ്യ യാത്രക്കാരനെ എയർലൈൻ, വിമാനത്താവള ഉദ്യോഗസ്ഥർ സ്വീകരിച്ചു.മാതൃകാ ബോർഡിംഗ് പാസ് കൈമാറി. ഇന്നലെ മുതലാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ സർവീസ് ആരംഭിച്ചത്. ആഴ്ചയില്‍ മൂന്നു തവണയാണ് സർവീസ്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുള്ളത്. വിമാനം മുംബൈയില്‍നിന്ന് രാത്രി 10.30 ന് പുറപ്പെട്ട് പുലർച്ചെ 12.30 ന് കണ്ണൂരില്‍ എത്തും. തിരികെ വിമാനം കണ്ണൂരില്‍നിന്ന് പുലർച്ചെ 1.20 ന് പുറപ്പെട്ട് പുലർച്ചെ 3.10 ന് മുംബൈയില്‍ എത്തുന്ന വിധത്തിലാണ് ക്രമീകരണം.
ആഭ്യന്തര കണക്‌ഷനുകള്‍ക്ക് പുറമേ ഈ പുതിയ റൂട്ട് യാത്രക്കാർക്ക് സൗകര്യപ്രദമായ അന്താരാഷ്‌ട്ര ലിങ്കുകള്‍ നല്‍കുന്നു. പ്രത്യേകിച്ച് എയർ ഇന്ത്യയുടെ യൂറോപ്പിലേക്കും യുഎസ്‌എയിലേക്കുമുള്ള നെറ്റ്‌വർക്ക് വഴി. ഇതു മുംബൈയില്‍നിന്ന് പറക്കുന്നവർക്ക് യാത്രാ ഓപ്ഷനുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. പുതിയ റൂട്ടിനുള്ള നിരക്കുകള്‍ താങ്ങാനാകുന്ന 3,800 ല്‍ ആരംഭിക്കുന്നു. ആദ്യ വിമാനത്തില്‍ 167 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ബിസിനസ്, വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുക എന്നതാണ് പുതിയ റൂട്ടിന്‍റെ ലക്ഷ്യം. വടക്കൻ മലബാറിനും മുംബൈയ്ക്കും ഇടയില്‍ കാര്യക്ഷമമായ ഒരു ബന്ധം ഉണ്ടാക്കുകയാണ് ലക്ഷ്യം.
ഈ സേവനം മേഖലയിലെ ടൂറിസത്തിനും ബിസിനസ് പ്രവർത്തനങ്ങള്‍ക്കും ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷയുണ്ട്. മാർച്ച് 30 ന് ആരംഭിച്ച വേനല്‍ക്കാല ഷെഡ്യൂളിലെ കണ്ണൂർ വിമാനത്താവളത്തിലെ ആകെ വിമാനങ്ങളുടെ എണ്ണത്തില്‍ 23 ശതമാനം വർധന ഉണ്ടായി.