Zygo-Ad

കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ പോലീസിന്റെ മിന്നൽ പരിശോധന; നിരവധി മോഷണ കേസുകളിലെ പ്രതിയടക്കം മൂന്ന് പേർ പിടിയിൽ


കണ്ണൂർ: വ്യാപാരികൾ പരാതി കടുപ്പിച്ചപ്പോൾ പോലീസ് ഉണർന്നു. ഇന്നലെ അർധരാത്രി നടന്ന മിന്നൽ റെയ്‌ഡിൽ മൂന്ന് സാമൂഹ്യ വിരുദ്ധർ പോലീസ് പിടിയിലായി. സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച സായാഹ്ന, രാത്രികാല പരിശോധനക്കിടെ പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറിക്കടുത്ത് നിന്നും പറശിനിക്കടവ് സ്വദേശി ബൈജു എന്ന കണ്ടൻ ബൈജു(42), കണ്ണാടിപ്പറമ്പ് സ്വദേശി വർഗീസ്(46) അഴീക്കോട് ചെമ്മശ്ശേരിപാറ സ്വദേശി അർഫീൻ (34) എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, എസ്ഐ പി പി ഷമീൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം  പിടികൂടിയത്. പോലീസ് പഴയ ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷന് സമീപം വാഹനം നിർത്തിയപ്പോൾ മൂന്ന് പേർ പതുങ്ങി നിൽക്കുന്നതായി കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്‌തപ്പോഴാണ് മോഷണം ആസൂത്രണം ചെയ്യുന്നതാണെന്ന് പോലീസിന് മനസിലായത്. പിടിയിലായ ബൈജു കണ്ണൂർ ടൗൺ സ്റ്റേഷനിലും വളപട്ടണം പോലീസ് സ്റ്റേഷനിലും നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് വളപട്ടണം പോലീസ് സ്റ്റേഷനിലെ മാലപിടിച്ചു പറിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മോഷണം നടത്താൻ പദ്ധതിയിടുമ്പോഴാണ് പ്രതികൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പഴയ ബസ് സ്റ്റാൻഡിലെ കടയിലെത്തി മൂന്ന് പേർ ചായ കുടിച്ച ശേഷം യാതൊരു പ്രകോപനവുമില്ലാതെ കടയുടമയെ ചീത്തവിളിക്കുകയും സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്‌തിരുന്നു. ഇതിലുൾപ്പെടെ ഇന്ന് പിടിയിലായ സംഘത്തിന് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും പഴയ ബസ് സ്റ്റാൻ്റും പരിസരവും കേന്ദ്രീകരിച്ചുള്ള ഗുണ്ടാ വിളയാട്ടത്തിനെതിരെ രംഗത്ത് വന്നിരുന്നു

Previous Post Next Post