മുന്നിര അത്ലറ്റുകള്ക്കും ഫിറ്റ്നസ് പ്രേമികൾക്കുമൊപ്പമാണ് കമ്യൂണിറ്റി റണ്ണില് യുഎഇ മന്ത്രിയും ഓടിയത്. സാമൂഹിക സേവനത്തിനും കൂട്ടായ്മകള്ക്കും പ്രോത്സാഹനമേകിയുള്ള യുഎഇയുടെ കമ്യൂണിറ്റി വർഷത്തിൽ 'ഇയർ ഓഫ് കമ്മ്യൂണിറ്റി റണ്ണി'ന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് യുഎഇ മന്ത്രിയും പങ്കെടുത്തത്. മന്ത്രിയുടെ സാന്നിധ്യത്തോടെP കണ്ണൂർ പയ്യാമ്പലം ബീച്ച് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കായിക കൂട്ടായ്മയിലൂടെ ഊഷ്മളമാക്കുന്ന വേദിയായി മാറുകയും ചെയ്തു. അഞ്ചു കിലോമീറ്റര് കമ്യൂണിറ്റി റണ് ആണ് കണ്ണൂര് ബീച്ചില് നടന്നത്. ഇത്രയും ദൂരം മന്ത്രി ഓടുകയുംചെയ്തു.
കൊച്ചിയിൽ കഴിഞ്ഞദിവസം സമാപിച്ച ഇന്വെസ്റ്റ് കേരള ഗ്ലോബല് സമ്മിറ്റിനായി കേരളത്തിലെത്തിയതായിരുന്നു യുഎഇ മന്ത്രി. ആഗോള ആരോഗ്യ സംരഭകനും ബീച്ച് റണ്ണിന്റെ രക്ഷാധികാരിയുമായ ഡോ.ഷംഷീർ വയലിലിന്റെ ക്ഷണം സ്വീകരിച്ചാണ് മന്ത്രി കണ്ണൂരിലെത്തിയത്.
കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീർ ആണ് കമ്യൂണിറ്റി റണ് ഫ്ലാഗ് ഓഫ് ചെയ്തത്. പ്രശസ്ത കായിക താരം പ്രീജ ശ്രീധരനും ചടങ്ങിനെത്തിയിരുന്നു. മന്ത്രിക്കൊപ്പം യുഎഇ ആസ്ഥാനമായ വി.പി.എസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ അടക്കം 100ലധികം പേര് ഓടി. ഫിറ്റ്നസ് പ്രേമികൂടിയായ മന്ത്രി അബ്ദുല്ല ബിന് തൗഖ് അല് മാരി അതിവേഗം അഞ്ചു കിലോമീറ്റര് ഓട്ടം പൂർത്തിയാക്കി കണ്ണൂരുകാരുടെ കയ്യടിയും നേടിയാണ് മടങ്ങിയത്.
ദൈവത്തിന്റെ സ്വന്തം നാട്ടില് കമ്മ്യൂണിറ്റി റണ്ണില് പങ്കെടുക്കാന് ആയതില് ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി അബ്ദുല്ല ബിന് തൗഖ് അല് മര്രി പറഞ്ഞു. അടുത്ത വർഷം ഹാഫ് മാരത്തോൺ ഓട്ടത്തില് പങ്കെടുക്കാന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിറ്റി സേവനം, സന്നദ്ധപ്രവര്ത്തനം, ഫലപ്രദമായ സംരംഭങ്ങള് എന്നിവയിലൂടെ സമൂഹത്തിന് സജീവമായ സംഭാവനകള് പ്രോത്സാഹിപ്പിക്കുന്നതിനായാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്റെ പ്രഖ്യാപന പ്രകാരം 2025 കമ്മ്യൂണിറ്റി വർഷമായി ആചരിക്കുന്നത്.
നോര്ത്ത് മലബാര് ചേംബര് ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച റണ്ണില് ഈ വർഷം വിവിധ വിഭാഗങ്ങളില്നിന്നായി ആയിരത്തോളം പേരാണ് പങ്കെടുത്തത്. പരിപാടി കാണാനും നൂറുകണക്കിനാളുകളെത്തി.