Zygo-Ad

പയ്യന്നൂരില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു


 പയ്യന്നൂര്‍: നിര്‍ത്തിയിട്ടിരുന്ന സിഎന്‍ജി ഓട്ടോറിക്ഷ അജ്ഞാതർ കത്തിച്ചു. പുഞ്ചക്കാട് കുറുങ്കടവ് കലശത്തറക്ക് സമീപത്തെ ടി.എം.മുഹമ്മദ് ഷാഫിയുടെ ഓട്ടോറിക്ഷയ്ക്കാണ് തീയിട്ടത്.

ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് സംഭവം. വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ പതിവുപോലെ സമീപത്തെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്നതായിരുന്നുവെന്ന് ഉടമ പറഞ്ഞു. രാത്രിയില്‍ പൊട്ടിത്തെറി ശബ്ദം കേട്ട് പരിസരത്തുള്ളവർ നോക്കിയപ്പോള്‍ ഓട്ടോ കത്തുന്നത് കണ്ടത്. പയ്യന്നൂര്‍ അഗ്നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു.

ഓട്ടോ ആരോ കത്തിച്ചതാണെന്ന് സംശയമുണ്ടെന്ന് മുഹമ്മദ് ഷാഫി പോലീസിനോടു പറഞ്ഞു. സംഭവ സ്ഥലത്ത് എത്തുമ്പോള്‍ നേരത്തെ അടച്ചിട്ടിരുന്ന ക്വാര്‍ട്ടേഴ്‌സിന്‍റെ ഗേറ്റ് തുറന്നു കിടക്കുന്ന നിലയിലായിരുന്നുവെന്നും അഞ്ചുമാസം മുന്പ് ഓട്ടോയുടെ സീറ്റ് കുത്തിക്കീറി അജ്ഞാതർ ഭീഷണിക്കുറിപ്പ് വച്ചിരുന്നതായും മുഹമ്മദ് ഷാഫി പറഞ്ഞു. പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post