കണ്ണൂർ: കണ്ണൂർ വിമാനത്താവള റണ്‍വേ വികസനത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നടപടി അനിശ്ചിതത്വത്തിലാണ്. ഇതോടെ ഭൂവുടമകള്‍ പ്രതിസന്ധിയിലായി.
എട്ടു വർഷമായി ഭൂമി വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കാതെ വലയുകയാണ് മട്ടന്നൂർ കീഴല്ലൂർ വില്ലേജിലെ ഇരുന്നൂറിലധികം കുടുംബങ്ങള്‍.
സ്ഥലമേറ്റെടുക്കുന്നതിനായി ആയിരത്തിലധികം കോടി രൂപ ആവശ്യമാണ്. സർക്കാരിന് കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ ഇത് വകയിരുത്താൻ സാധിക്കാത്തതാണ് പ്രശ്നം.
തൊട്ടുപറക്കുന്ന വിമാനങ്ങള്‍ക്ക് താഴെ. കണ്ണൂർ വിമാനത്താവളത്തിന്‍റെ അതിരില്‍, ഏറ്റെടുക്കാമെന്ന് സർക്കാർ വാക്കുകൊടുത്ത 245 ഏക്കറില്‍, ജീവിതം ഊരാക്കുടുക്കിലായ മനുഷ്യരെക്കുറിച്ചാണ് പറയുന്നത്. മട്ടന്നൂർ കാനാട്, മരുന്നുമണം കെട്ടിനില്‍ക്കുന്ന വീട്ടില്‍, വൃക്കരോഗിയായ നസീറയ്ക്കരികിലിരുന്ന് അസ്കർ പറയുന്നു.
കയ്യില്‍ ചാലോട് കാർഷിക വികസന ബാങ്കില്‍ നിന്നുളള ജപ്തി നോട്ടീസുണ്ട്. ഭാര്യയുടെ ചികിത്സയ്ക്ക് ചെലവായ ലക്ഷങ്ങളുടെ കടം. ആകെയുളള മീൻ കച്ചവടം നിന്നുപോയപ്പോഴുണ്ടായ നഷ്ടം. അഞ്ച് സെന്‍റും വീടും വിറ്റ് വീട്ടാനും നികത്താനും നടക്കുന്നു അസ്കർ. പക്ഷേ വില്‍ക്കാനുള്ള അനുമതിയോ ഏറ്റെടുത്തതിന്റെ പണമോ ലഭിക്കുന്നില്ലെന്ന് പറയുന്നു അസ്കർ.
റണ്‍വേ 4000 മീറ്ററാക്കാൻ, ഏറ്റെടുക്കാൻ 2018ല്‍ വിജ്ഞാപനമിറങ്ങിയ ഭൂമി അസ്കറിന്‍റേതും. സ്വന്തം മണ്ണ് തൊടാൻ വയ്യ. എട്ട് വർഷത്തെ പഴക്കമുണ്ട് പണം നല്‍കുമെന്ന സർക്കാരിന്റെ ഉറപ്പിന്. വില്‍ക്കാൻ അനുമതി തേടി കളക്ടറുള്‍പ്പെടെ പലരെ കണ്ടു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍, വികസനത്തിന്‍റെ പേരില്‍ കുരുക്കിലായവരില്‍ ഒരാളുടെ വാക്കുകളാണിത്.