മാടായി മാട്ടൂൽ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന നിർദ്ദിഷ്ട തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു. കല്ല്യാശേരി മണ്ഡലത്തിലെ മാടായി പഞ്ചായത്തിലെ ചൂട്ടാട് മുതൽ മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ സൗത്ത് വരെ കടന്ന് പോകുന്ന തീരദേശ ഹൈവേയുടെ അലൈൻമെന്റ് ചർച്ച ചെയ്യുന്നതിനായി എംഎൽഎ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തും
കിഫ്ബി ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ അന്തർദേശീയ നിലവാരത്തിൽ സൈക്കിൾ പാതയോടെ 12.7 കി.മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലും നിർമ്മിക്കുന്ന തീരദേശ ഹൈവേയിൽ മാടായി, രാമന്തളി പഞ്ചായത്തുകളിലെ ചൂട്ടാട് -പാലക്കോടിനെ ബന്ധിപ്പിക്കുന്ന ഓലക്കാൻ കടവ് പാലവും, മാട്ടൂൽ-അഴീക്കോട് പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന മാട്ടൂൽ സൗത്ത്-അഴീക്കൽ പാലവും നിർമ്മിക്കും.
ഇതോടെ എളുപ്പത്തിൽ കണ്ണൂർ . കാസർകോട് ഭാഗത്ത് എളുപ്പത്തിൽ എത്തിചേരാൻ സാധിക്കും.
അധികം ഭൂമിയോ കൂടുതൽ കെട്ടിടങ്ങളോ ഏറ്റെടുക്കേണ്ടി വരില്ലെന്നത് മാട്ടൂൽ-മാടായി തീരദേശ ഹൈവേ പദ്ധതിയുടെ പ്രത്യേകതയാണ്.
പദ്ധതിയുടെ അലൈൻമെന്റുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുന്നതിന്റെ ഭാഗമായി ഡിസംബർ 11ന് ബുധനാഴ്ച പദ്ധതി പ്രദേശം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സന്ദർശിക്കും.
ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സാമൂഹ്യ ആഘാത പഠനം നടത്തി ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ നഷ്ട്ട പരിഹാര പാക്കേജാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നതെന്നും എം എൽ എ അറിയിച്ചു.
പദ്ധതി പൂർത്തിയാകുന്നതോടെ തീരദേശ മേഖലയുടെ സമഗ്ര വികസനത്തോടൊപ്പം മത്സ്യബന്ധനം ടൂറിസം ഉൾപ്പടെയുള്ള വ്യാപാര വാണിജ്യ മേഖലകൾക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും എം എൽ എ പറഞ്ഞു.
യോഗത്തിൽ കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് പി പി ഷാജിർ, കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ മനോജ് കുമാർ കെ വി, ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റുമാരായ കെ ഫാരീഷ ടീച്ചർ (മാട്ടൂൽ), സഹീദ് കയിക്കാരൻ (മാടായി), വൈസ് പ്രസിണ്ടന്റ് ഗഫൂർ മാട്ടൂൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി വി പ്രദീപൻ, പി വി വേണുഗോപാൽ, കെ ഭാർഗവൻ, നസീർ ബി മാട്ടൂൽ, എസ് യു റഫീഖ്, കെ വി ഉത്തമൻ, ജോയ് ചൂട്ടാട്, ബി ഹംസഹാജി, സുരേഷ് ബാബു പിടി, പയ്യന്നൂർ, കണ്ണൂർ താലൂക്ക്, മാടായി, മാട്ടൂൽ റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.