കണ്ണൂർ: കണ്ണൂരില്‍ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മർദിച്ച് 9 ലക്ഷം കവർന്നെന്ന് പരാതി. കാറിലെത്തിയ സംഘം ഏച്ചൂർ സ്വദേശി റഫീഖിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.പുല ർച്ചെ ബെംഗളൂരുവില്‍ നിന്ന് ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്. മർദിച്ചു അവശനാക്കി പണം കവർന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്നാണ് റഫീഖിന്റെ പരാതി.
സംഭവത്തെ കുറിച്ച് റഫീഖ് പറയുന്നതിങ്ങനെ: 'രാത്രിയാണ് ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് കയറിയത്. ബസിറങ്ങിയ ഉടനെ തന്നെ കറുത്ത കാർ വന്നു നിർത്തി. മൂന്നാലു പേർ വലിച്ച് കാറിലേക്ക് കയറ്റുകയും ചെയ്തു. വായ പൊത്തിപ്പിടിച്ചതോടെ ബഹളം വെക്കാനും കഴിഞ്ഞില്ല. തോളിലിട്ട ബാഗ് എടുക്കാൻ ശ്രമിച്ചെങ്കിലും വിട്ടുനല്‍കാത്തതിനാല്‍ നാലംഗസംഘം വാളെടുക്കാൻ ആവശ്യപ്പെട്ടു. ഈ സമയത്ത് പേടിച്ചുകൊണ്ട് ബാഗ് നല്‍കി. ജീവൻ എടുക്കുമോ എന്ന ഭയത്താലാണ് ബാഗ് നല്‍കിയത്. അതില്‍ 9 ലക്ഷം രൂപയുണ്ടായിരുന്നു. ഇത് മുഴുവനായും അവർ തട്ടിയെടുത്തു. മൂക്കിനും അരക്കെട്ടിനും ഉള്‍പ്പെടെ ശരീരത്താകെ പരിക്കുണ്ടെന്നും റഫീഖ് പറയുന്നു.'
പണയം വെച്ച സ്വർണം എടുക്കാനായി പലരില്‍ നിന്നായി കടംവാങ്ങിയ പണമായിരുന്നു ബാഗിലുണ്ടായിരുന്നതെന്ന് റഫീഖ് പറഞ്ഞു. മുഖംമൂടി ധരിച്ചായിരുന്നു അവർ എത്തിയിരുന്നത്. എന്നാല്‍ ശബ്ദം വെച്ചുകൊണ്ട് ആരാണെന്ന് മനസ്സിലാക്കാനും തനിക്ക് കഴിഞ്ഞില്ലെന്നും റഫീഖ് പറയുന്നു. നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് റഫീഖ്. ബെംഗളൂരുവില്‍ ബേക്കറി ഉടമയാണ് റഫീഖ്. അതേസമയം, സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.