ഇരിട്ടി: പൂവം പുഴയുടെ അടിത്തട്ടിൽ പൊലിഞ്ഞ ജീവിതങ്ങളുടെ കണക്കുകളിൽ ഇനി ഷഹർബാനയും സൂര്യയും. പുഴയോരത്തുള്ള സഹപാഠിയുടെ വീട്ടിലെത്തിയ കൂട്ടുകാരികൾ മഴയുടെയും പുഴയുടെയും സൗന്ദര്യത്തിൽ മതിമറന്ന നിമിഷത്തിലായിരുന്നു അപ്രതീക്ഷിതമായി അപകടം.
പ്രദേശവാസികൾ പോലും ഭയത്തോടെ കാണുന്ന പൂവത്തിന്റെ അപകടം നിറഞ്ഞ കടവിൽ ജില്ലയുടെ മുഴുവൻ ഫോഴ്‌സും ഒത്തുചേർന്ന 43 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനം. കണ്ണിമയ്ക്കാതെ കാത്തുനിന്ന പ്രദേശവാസികൾ.
ബന്ധുക്കളെന്നോ കൂടപ്പിറപ്പുകളെന്നോ സഹപാഠികൾ എന്നോ അറിയില്ല, പുഴക്കരയിൽ കാത്തുനിന്ന ഓരോ മുഖത്തും ദുഃഖം തളംകെട്ടിനിന്നു. കൂട്ടുകാരികൾ അപ്രതീക്ഷിതമായി മരണത്തിന്റെ കയങ്ങളിലേക്ക് മുങ്ങിത്താണത് വിശ്വസിക്കാനാകാതെ വിതുമ്ബുകയാണ് മറ്റ് വിദ്യാർഥികൾ. ഒരുവർഷം മുന്പ് ഒരു വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ഷഹർബാനയുടെ ഉപ്പ മരണമടഞ്ഞ് രണ്ടുമാസം പൂർത്തിയാകുന്നതിന് മുന്പ് മകളുടെ വേർപാട് കുടുംബത്തിന് തീരാവേദനയായി. രണ്ട് പെൺകുട്ടികളിൽ മൂത്തയാൾ അപ്രതീക്ഷിതമായി മരണത്തിന്റെ പിടിയിലമർന്ന സൂര്യയുടെ കുടുംബവും തീരാദുഖത്തിലാണ്.
ഇരുകുടുംബത്തെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും സുഹൃത്തുക്കളും അവർക്കൊപ്പം വിതുമ്ബിപ്പോകുന്നു. പൂവത്തെ കടവിൽ കാത്തുകിടന്നു രണ്ടാമത്തെ ആംബുലൻസും കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് യാത്രതിരിച്ചതോടെ കൂടിനിന്ന ജനവും ദുഃഖം നെഞ്ചിൽ പേറി തിരിഞ്ഞുനടന്നു.