Zygo-Ad

കൊട്ടിയൂരിൽ ചൊവ്വാഴ്ച ആയില്യം ചതുശ്ശതം. സ്ത്രീകൾക്ക് പ്രവേശനം വ്യഴാഴ്ച്ച ഉച്ച വരെ മാത്രം

കൊട്ടിയൂർ: സ്ത്രീകൾക്കുള്ള പ്രവേശനം വ്യാഴാഴ്ച ഉച്ചയോടെ അവസാനിക്കാനിരിക്കേ ശനിയാഴ്ചയും ഞായറാഴ്ചയും ഉണ്ടായ വൻ ഭക്തജന പ്രവാഹത്തിന് പിന്നാലെ തിങ്കളാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലുമുണ്ടായത് പോലുള്ള ജനബാഹുല്യം ഉണ്ടായില്ലെങ്കിലും പുലർച്ചെ മുതൽ തന്നെ പടിഞ്ഞാറെ നടയിലും കിഴക്കെ നടയിലും ദർശനത്തിനായി വലിയ ക്യൂ രൂപപ്പെട്ടു. ഉച്ച ശീവേലിയോടെയാണ് തിരക്കിന് നേരിയ ശമനമുണ്ടായത്.

വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തെ ചതുശ്ശതമായ ആയില്യം ചതുശ്ശതം ചൊവ്വാഴ്ച പെരുമാൾക്ക് നിവേദിക്കും. പന്തീരടി പൂജയോടെയാണ് ആയില്യം ചതുശ്ശതം വലിയ വട്ടളം പായസം നിവേദിക്കുക.

നാലാമത്തെ ചതുശ്ശതമായ അത്തം ചതുശ്ശതം ഞായറാഴ്ചയാണ് നടക്കുക. മകം കലംവരവ് ദിവസമായ വ്യാഴാഴ്ച ഉച്ചവരെ മാത്രമാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമുള്ളൂ. ഉച്ച ശീവേലിക്ക് ശേഷം സ്ത്രീകളും ആനകളും ഇവിടെ നിന്നും പിൻവലിയും.

അന്ന് നടക്കുന്ന മകം കലം വരവിനു ശേഷം അക്കരെസന്നിധിയിൽ ഗൂഢ പൂജകളാണ് നടക്കുക. 17 ന് തൃക്കലശാട്ടോടെ ഉത്സവത്തിന് സമാപനമാകും.

Previous Post Next Post