Zygo-Ad

കൊട്ടിയൂരിൽ വൻഭക്തജനത്തിരക്ക് പെരുമാൾക്ക് ചതുശ്ശത വലിയ വട്ടളം പായസം നിവേദിച്ചു.

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിലെ ആദ്യ ചതുശ്ശതം വലിയ വട്ടളം പായസം തിരുവാതിര നാളായ ഇന്നലെ പെരുമാള്‍ക്ക് നിവേദിച്ചു. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമായിരുന്നു പായസം നിവേദിച്ചത്. കരിമ്ബനയ്ക്കല്‍ ചാത്തോത്ത് ഊരാള തറവാട്ടു വകയായിരുന്നു തിരുവാതിര ചതുശ്ശതം നിവേദ്യം. ഇന്ന് പുണർതം ചതുശ്ശതം പെരുമാള്‍ക്ക് നിവേദിക്കും.

പായസം നിവേദ്യം നടത്തിക്കഴിഞ്ഞ് തൃക്കൂർ അരിയളവും നടന്നു. പന്തീരടി പൂജ കഴിഞ്ഞ് കോട്ടയം കിഴക്കേ കോവിലകത്തെ അമ്മരാജയ്ക്കാണ് അരി ആദ്യം അളന്നു നല്‍കിയത്. ശ്രീകോവിലില്‍ വച്ച്‌ പന്തീരടി കാമ്ബ്രം സ്ഥാനികനാണ് അരി അളന്നു നല്‍കിയത്. സ്വർണത്തളികയില്‍ നല്‍കിയ തൃക്കൂർ അരി മേല്‍മുണ്ടില്‍ അളന്നു വാങ്ങി അമ്മരാജ മടങ്ങി.

അളന്നു കിട്ടിയ അരി മേല്‍മുണ്ടിന്റെ അഗ്രത്തില്‍ കെട്ടി തലയിലേറ്റി ജന്മശാന്തിയില്‍ നിന്നു പ്രസാദം വാങ്ങിയ ശേഷമാണ് അമ്മരാജ സന്നിധാനം വിട്ടത്. നാല് ഊരാളന്മാരുടെ തറവാടുകളിലെ സ്ത്രീകള്‍ക്കും ഏഴില്ലം തറവാട്ടിലെ സ്ത്രീകള്‍ക്കും രാത്രിയിലാണ് അരിയളവ് നടത്തിയത്. തിരുവത്താഴ പൂജയ്ക്ക് ശേഷം പാലക്കുന്നം സ്ഥാനികനാണ് ഇവർക്കായി അരിയളവ് നടത്തിയത്. ഇതോടെ വൈശാഖ മഹോത്സവത്തിലെ തൃക്കൂർ അരിയളവ് കഴിഞ്ഞു.

തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും നടന്ന ഇന്നലെ അക്കരെ സന്നിധാനവും ഇക്കരെ കൊട്ടിയൂരും ഭക്തജന സാഗരമായി മാറി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേരാണ് ഇന്നലെ കൊട്ടിയൂരില്‍ എത്തിയത്. ഇതോടെ ദർശനത്തിനായി കിഴക്കേ നടയിലും പടിഞ്ഞാറേ നടയിലും നീണ്ട ക്യൂ രൂപപ്പെട്ടു.

കിഴക്കേ നടയിലെ ക്യൂ മന്ദംചേരി വരെയും പടിഞ്ഞാറേ നടയിലുള്ളത് ഇടബാവലി വരെയും നീണ്ടു. കൊട്ടിയൂർ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പാർക്കിംഗ് സൗകര്യമൊരുക്കിയെങ്കിലും 10 കിലോമീറ്ററോളം ദൂരമുള്ള കണിച്ചാർ വരെ രാവിലെ മുതല്‍ ഗതാഗത തടസം അനുഭവപ്പെട്ടു. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനുള്ള സമാന്തരപാതയിലും വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.

ഉച്ചയോടെ തുടങ്ങിയ കനത്ത മഴയും ഗതാഗത കുരുക്കില്‍ പെട്ടവരെ ഏറെ ബുദ്ധിമുട്ടിച്ചു. മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കില്‍ പെട്ട പലർക്കും അക്കരെ സന്നിധിയില്‍ ദർശനം നടത്താൻ കഴിഞ്ഞില്ല. ഈ ഉത്സവകാലത്തെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.

Previous Post Next Post