Zygo-Ad

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകം; സിപിഐഎം കേന്ദ്ര നേതൃത്വം

കണ്ണൂർ: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകമെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി വിലയിരുത്തല്‍. ദേശീയ തലത്തിലെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. റിപ്പോര്‍ട്ട് നടന്നുകൊണ്ടിരിക്കുന്ന കേരള സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാ തലത്തില്‍ തിരുത്തല്‍ നടപടിക്ക് തയ്യാറെടുക്കുകയാണ് സംസ്ഥാന സിപിഐഎം. തിരഞ്ഞെടുപ്പ് പരാജയം വിശദമായി സെക്രട്ടറിയേറ്റ് യോഗം പരിശോധിച്ചു. സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ച നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒപ്പം ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിച്ചതും ഗൗരവമായി കാണുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ പോലും ബിജെപിക്ക് ചോര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം യോഗത്തില്‍ ഇഴകീറി പരിശോധിക്കും. ഒപ്പം തിരുത്തല്‍ നടപടികളും നിര്‍ദേശിക്കും. മൂന്ന് ദിവസം നീളുന്ന സംസ്ഥാന സമിതിക്ക് ശേഷം സെക്രട്ടേറിയറ്റ് വീണ്ടും ചേരും. സംസ്ഥാന സെക്രട്ടേറിയറ്റാണ് തിരുത്തല്‍ നടപടികളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. വന്‍തോതില്‍ വോട്ടു ചോര്‍ന്ന സ്ഥലങ്ങളില്‍ പരിശോധനയ്ക്കായി അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതിലും സമിതി തീരുമാനമെടുക്കും. ആലത്തൂരില്‍ ജയിച്ച കെ രാധാകൃഷ്ണന് പകരം മന്ത്രിസ്ഥാനത്തേക്കുള്ള പുതിയ ആളെയും യോഗത്തില്‍ തീരുമാനിച്ചേക്കും.

Previous Post Next Post