കണ്ണൂർ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്.
ബിജെപിയിലേക്ക് പോകാൻ ജയരാജൻ, ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്‍റെ ആരോപണത്തിനെതിരെയാണ് നടപടി. വ്യാജ ആരോപണങ്ങൾ രാഷ്ട്രീയ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ഇപി പരാതിയിൽ പറയുന്നു.
നേരത്തെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നെങ്കിലും ശോഭ സുരേന്ദ്രൻ മറുപടി നൽകിയിരുന്നില്ല. ഗൂഢാലോചന നടത്തിയതിന് ശോഭ സുരേന്ദ്രൻ, കെ. സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.പി ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കഴമ്പില്ലെന്ന് പൊലീസ് മറുപടി നൽകിയിരുന്നു.