കണ്ണൂർ : ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് പടരുന്നതായി ആരോഗ്യ വകുപ്പ്. അതത് പ്രദേശത്തെ ആസ്പത്രികൾ വഴി ചികിത്സ നൽകാൻ ഉള്ള നിർദേശങ്ങൾ സ്കൂളുകൾക്ക് നൽകിയതായി ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.
ഒരു വൈറൽ അസുഖം ആയതിനാൽ രോഗലക്ഷണം ഉള്ളവർ വീടുകളിൽ കഴിയുക ആണ് പ്രധാനം. പാരാമിക്സോ വൈറസ് വിഭാഗത്തിൽപെട്ട വൈറസ് ഉണ്ടാക്കുന്ന ഒരു അസുഖമാണ് മുണ്ടിനീര്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിച്ചേക്കാം.
പനി, തലവേദന, ദേഹവേദന, ഛർദി എന്നിവയാണ് തുടക്ക ലക്ഷണങ്ങൾ. രണ്ട് ദിവസം കഴിയുമ്പോൾ ചെവിയുടെ പിറകിൽ നിന്നും തുടങ്ങി കവിളിലേക്ക് പടർന്ന് വരുന്ന രീതിയിൽ പരോട്ടിഡ് ഗ്രന്ഥിയിൽ വീക്കം ഉണ്ടാവുന്നു.
വീക്കം ആദ്യം ഒരു വശത്ത് മാത്രം തുടങ്ങാമെങ്കിലും താമസിയാതെ 70 ശതമാനം കുട്ടികളിലും രണ്ട് വശത്തും ഉണ്ടാവാം. നീരുള്ള ഭാഗത്തും ചെവിയിലുമായി ശക്തമായ വേദനയുമുണ്ടാകും. ഭക്ഷണം കഴിക്കാനും വെള്ളം ഇറക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.
രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയാണ് കൂടുതലായും രോഗപ്പകർച്ച സംഭവിക്കുന്നത്. വായുവിലൂടെ വേഗത്തിൽ പടരുന്ന രോഗമാണ് ഇത്. ചില കുട്ടികളിൽ സങ്കീർണതകൾ വന്നെത്താം. രോഗ ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് മുണ്ടിനീരിന് നൽകുന്നത്.