Zygo-Ad

കൊട്ടിയൂർ വൈശാഖോത്സവം:അത്തം ചതുശ്ശത നിവേദ്യവും വാളശൻമാരുടെ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും ഇന്ന്

ഇരിട്ടി :വൈശാഖ മഹോത്സവത്തിലെ നാലു നിവേദ്യങ്ങളിൽ അവസാനത്തേതായ അത്തം ചതുശ്ശത നിവേദ്യം ഞായറാഴ്ച പെരുമാൾക്ക് നിവേദിക്കും. ഉച്ചശീവേലി നടക്കവേയാണ് വാളാട്ടം എന്ന ചടങ്ങു് നടക്കുക.

ഭണ്ഡാര അറയിൽ സൂക്ഷിച്ചിരിക്കുന്ന സപ്തമാതൃ പുരത്തെ ചപ്പാരം ഭവതിയുടെ വാളുകളുമായി വാളശൻമാർ കിഴക്കെ നടയിലെ തിരുവൻ ചിറയിലെത്തി ദേവി ദേവൻമാരുടെ തിടമ്പുകൾക്ക് മുന്നിലായി വടക്കോട്ട് തിരിഞ്ഞ് നിന്നാണ് വാളാട്ടം നടത്തുക. സപ്തമാതൃക്കളുടെ ശക്തി ആവാഹിച്ചാണ് ദേവനും ദേവിക്കും മുൻപിലായി വാളാട്ടം നടക്കുക.

വാളുമായി തിരുവൻ ചിറയിൽ ഒരാേ പ്രദക്ഷിണം നടത്തിയശേഷം തുടർന്ന് അമ്മാറക്കൽ തറക്കും പൂവറക്കും ഇടയിൽ പ്രത്യേക സ്ഥാനത്ത് കുടിപതികൾ തേങ്ങയേറ് നടത്തും. ഭണ്ഡാര എഴുന്നള്ളത്തിലെ ഭണ്ഡാര വാഹകരായ കുടുംബാംഗങ്ങൾ ആണ് കുടിപതികൾ. പ്രായ ക്രമത്തിലാണ് തേങ്ങയേറ് നടക്കുക.

ഉത്സവാഘോഷങ്ങളുടെ അവസാനം എന്നറിയിക്കുന്ന ചടങ്ങാണിത്. ഉത്സവകാലത്ത് അക്കരെ സന്നിധിയിൽ നടന്നുവന്ന കൂത്ത് സമർപ്പണവും ഞായറാഴ്ച നടക്കും. അത്തം നാളിലെ കൂത്തിനെ ഭഗവൽ കൂത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. കൂത്ത് പൂർണ്ണമായും അവസാനിപ്പിക്കാതെയാണ് സമർപ്പണം നടത്തുക. ഞായറാഴ്ച ആയിരം കുടം ജലാഭിഷേകത്തോടെയാണ് ഉത്സവ ചിട്ടകൾ പൂർത്തികരിക്കുക. ആയിരം കുടം അഭിഷേകവും മുഴുമിപ്പിക്കാതെയാണ് ചടങ്ങുകൾ അവസാനിപ്പിക്കുക.

അത്തം നാളിൽ മുഴുമിപ്പിക്കാതെ വെച്ച ആയിരം കുടം അഭിഷേകത്തോടെയാണ് അടുത്ത വർഷത്തെ ഉത്സവത്തിലെ പൂജകൾ ആരംഭിക്കുക. ചിത്തിര നാളായ തിങ്കളാഴ്ച തൃക്കലശാട്ടും ചോതിനാളിൽ നടക്കുന്ന വറ്റടിയോടേയും ഉത്സവം സമാപിക്കും. ശനിയാഴ്ചയും സ്ത്രീകൾ ഒഴികെയുള്ള ഭക്തജനങ്ങളുടെ നല്ല തിരക്കാണ് പുലർച്ചെമുതലെ അക്കരെ സന്നിധിയിൽ അനുഭവപ്പെട്ടത്.

Previous Post Next Post