കൊട്ടിയൂർ: ആനകളും വിശേഷ വാദ്യങ്ങങ്ങളും മടങ്ങുകയും സ്ത്രീകളുടെ സന്ദർശകസമയം അവസാനിക്കുകയും ചെയ്തതോടെ കൊട്ടിയൂരില്‍ കലം പൂജകള്‍ ആരംഭിച്ചു. ഇന്നലെ സന്ധ്യ കഴിഞ്ഞ് കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും കലംപൂജയ്ക്കുള്ള മണ്‍കലങ്ങളുമായി അക്കരെ സന്നിധാനത്തില്‍ പ്രവേശിച്ചു.
ഉച്ചയോടെയാണ് നല്ലൂരാനും സംഘവും മുഴക്കുന്നില്‍ നിന്നും പുറപ്പെട്ടത്.കലങ്ങള്‍ എഴുന്നള്ളിച്ച് എത്തിച്ചതോടെ കൊട്ടിയൂരില്‍ നിഗൂഢ പൂജകളുടെ ദിനങ്ങള്‍ക്ക് തുടക്കമായി.ഇന്നലെ ഉച്ചയോടെ നടന്ന ശീവേലിയുടെ മദ്ധ്യത്തില്‍ ദർശന കാലം അവസാനിച്ചതിനാല്‍ സ്ത്രീകള്‍ ബാവലിപ്പുഴയുടെ മറുകരയിലേക്ക് മടങ്ങി.
തിടമ്പേറ്റുന്ന ആനകള്‍
ശീവേലി പൂർത്തിയാക്കിയ ശേഷം പടിഞ്ഞാറേ നടവഴി പിന്നോട്ട് നടന്ന് ബാവലിപ്പുഴയുടെ മറുകരയില്‍ എത്തി.
ആനകള്‍ക്ക് അവകാശികളും സ്ഥാനികരുംആചാര്യന്മാരും, അടയന്തരയോഗക്കാരും പ്രസാദമായി ചോറ് ഉരുളകളാക്കിയതും, പഴവും, ശർക്കരയും നല്‍കിയാണ് തിരികെ അയച്ചത്.
സന്ധ്യയോടെ നല്ലൂരാനും സംഘവും കൊട്ടിയൂർ ഗണപതി പുറത്തെത്തി. രാത്രിയായപ്പോള്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലെ വിളക്കുകള്‍ അണച്ചു.മണിത്തറയിലേയും മറ്റിടങ്ങളിലേയും കെടാവിളക്കുകള്‍ ഒഴികെ ബാക്കിയെല്ലാ വിളക്കുകളും അണച്ച് കലം വരവിനായി കാത്തിരുന്നു. അക്കരെ സന്നിധാനത്തില്‍ ഉള്ളവർ എല്ലാം കൈയാലകള്‍ക്കുള്ളില്‍ കയറി കതകുകളകടച്ച് നിശ്ശബ്ദരായിരുന്നു.
നല്ലൂരാനും സംഘവും കലങ്ങള്‍ സമർപ്പിച്ച് തന്ത്രിയുമായി മുഖാമുഖം ദർശിക്കാതെ പ്രസാദവും വാങ്ങി മണിത്തറയില്‍ നിന്നു മടങ്ങി. ഇവർ കൊണ്ടുവന്ന മണ്‍കലങ്ങള്‍ തിരുനടയില്‍ സമർപ്പിച്ചതോടെ താന്ത്രിക വിധിപ്രകാരമുള്ള നിഗൂഢ പൂജാദിനങ്ങള്‍ക്ക് തുടക്കമായി.മൂന്ന് ദിവസം കലംപൂജകള്‍ നടക്കും.
ഞായറാഴ്ച അത്തം നാളില്‍ അവസാനത്തെ ചതുശ്ശതം വലിയ വട്ടളം പായസം പെരുമാള്‍ക്ക് നിവേദിക്കും. വാളാട്ടവും, കുടിപതികളുടെ തേങ്ങയേറും അന്ന് നടക്കും. അന്ന് രാത്രി കലശപൂജ ആരംഭിക്കും. തിങ്കളാഴ്ച തൃക്കലശ്ശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.