കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ പുതുതായി നിർമിച്ച പുലിമുട്ട് കനത്ത തിരമാലയിൽ തകർന്നു. പുലിമുട്ടിന്റെ ദൂരക്കടലിനോട് ചേർന്നുള്ള ഭാഗമാണ് തകർന്നത്. രണ്ട് ദിവസം മുൻപാണ് ചെറിയ തോതിൽ ഇൗ ഭാഗത്ത് തകർച്ച കണ്ടുതുടങ്ങിയത്. ചൊവ്വാഴ്ച ഇത് രൂക്ഷമായി. ബീച്ചിലെത്തുന്ന സന്ദർശകരിൽ മിക്കവരും കുടുംബസമേതമെത്തുന്നത് ഇൗ ഭാഗത്താണ്. ഇവിടെനിന്ന് കടൽഭംഗി ആസ്വദിക്കുന്നതും സെൽഫിയെടുക്കുന്നതും പതിവാണ്.
ശക്തമായ മഴയിൽ അപ്രതീക്ഷിതമായി കനത്ത തിരമാലകളുണ്ടാകുമെന്നതിനാൽ ഇവിടം സന്ദർശിക്കുന്നത് അപകടകരമാണെന്ന് സുരക്ഷാ ജീവനക്കാർ പറയുന്നു.ഞായറാഴ്ച ജില്ലയിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നതിനാൽ പയ്യാമ്പലം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിലവിൽ പയ്യാമ്പലം ബീച്ചിൽ സന്ദർശകർക്ക് വിലക്കില്ല.