കണ്ണൂർ : ജൂൺ 26ന് സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടക്കുന്നു. 26ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സമസ്ത അങ്കണത്തിൽ വെച്ച് നേതൃസംഗമം നടക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും, ജില്ലാ ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമാണ് നേതൃസംഗമത്തിൽ പങ്കെടുക്കുക.
മഹല്ല്, മദ്റസ തലങ്ങളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തിയും സമസ്ത പിന്നിട്ട നൂറ്റാണ്ടിലെ പ്രധാന പ്രവർത്തനങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തിയും പരിശുദ്ധ അഹ്ലുസുന്നത്തി വൽജമാഅയുടെ ആശയാദർശങ്ങൾ പ്രചരിപ്പിച്ചും സ്ഥാപക ദിനത്തിൽ പ്രത്യേക സംഗമങ്ങൾ സംഘടിപ്പിക്കാൻ സമസ്ത കേന്ദ്ര മുശാവറ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടർന്ന് പോഷക സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
നവീനവാദികളുടെ രംഗപ്രവേശനത്തെ തുടർന്ന് 1926 ജൂൺ 26നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ രൂപീകൃതമായത്. 2026ൽ നൂറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് മുസ്ലിം സമുദായത്തിലെ ഈ ആധികാരക പണ്ഡിത സഭ.