Zygo-Ad

വീഴ്ചകൾ തുടർക്കഥകൾ: കെട്ടിടങ്ങളുടെ വസ്തു നികുതി പിരിക്കുന്നതിന് പുറമെ അഭിഭാഷകരുടെ തൊഴില്‍ നികുതി പിരിവിലും കണ്ണൂര്‍ കോര്‍പറേഷന്‍ വീഴ്ച വരുത്തി

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സോണലുകളിലെ കെട്ടിടങ്ങളിൽ നിന്ന് വസ്തു നികുതി ഈടാക്കുന്നില്ലെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ അഭിഭാഷകരിൽ നിന്ന് തൊഴിൽ നികുതി ഈടാക്കുന്നതിലും കണ്ണൂർ കോർപറേഷൻ വീഴ്‌ചവരുത്തിയതായി ഓഡിറ്റ് റിപ്പോർട്ട്. തൊഴിൽ നികുതി അടയ്ക്കാത്ത കോർപറേഷൻ ഹെഡോഫീസ് പരിധിയി ലെ 125 അഭിഭാഷകരുടെ പേര് ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ഈ അഭിഭാഷകരിൽ നിന്ന് തൊഴിൽ നികുതി ഈടാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. അഭിഭാഷകരുടെ വരുമാനം തദ്ദേശസ്ഥാപനത്തെ ബോധ്യപ്പെടുത്തുന്ന പക്ഷം അത് പ്രകാരമുള്ള നികുതി ഒടുക്കിയാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇതനുസരിച്ച് തൊഴിൽ നികുതി പിരിച്ചെടുക്കുന്നതിൽ കോർപറേഷൻ ഗുരുതര വീഴ്‌ചയാണ് കാണിച്ചത്.

കോർപറേഷനിലെ പരിധിയിൽ 2022-23 വർഷം ജോലിചെയ്‌ത അഭിഭാഷകരുടെ പേര് രേഖപ്പെടുത്തിയ ഡിമാൻ്റ് ലിസ്റ്റ് ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ ലിസ്റ്റിലുള്ള അഭിഭാഷകരിൽ നിന്ന് അർധ വാർഷിക വരുമാനം,തൊഴിൽ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഓരോ വർഷവും സെപ്‌തംബർ 30നും മാർച്ച് 31നുമകം സമർപ്പിക്കാൻ കോർപറേഷൻ സെക്രട്ടറി ആവശ്യപ്പെടണം. വിവരങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ഇവർക്കുള്ള തൊഴിൽ നികുതി നിർണയിച്ച് ബിൽ നൽകണം. എന്നാൽ സെക്രട്ടറി ഇത്തരം വിവരങ്ങൾ തേടിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അഭിഭാഷകർക്ക് തൊഴിൽ നികുതി അടയ്ക്കാൻ നോട്ടീസ് നൽകിയത്. ഇതിൽ അട‌ക്കേണ്ട തുക സംബന്ധിച്ച് വ്യക്തതയില്ല. രണ്ട് വർഷം മുമ്പ് ഇതുപോലെ നോട്ടീസ് നൽകിയെങ്കിലും കോർപറേഷൻ ഓഫീസിലെത്തിയപ്പോൾ നികുതി സ്വീകരിച്ചില്ലെന്ന് അഭിഭാഷകർ പറയുന്നു. ബാർകൗൺസിലിന്റെ പെരുമാറ്റച്ചട്ട പ്രകാരം അഭിഭാഷകർക്ക് നികുതി കുടിശ്ശിക പാടില്ല. തൊഴിൽ നികുതി അടയ്ക്കാത്തത് അഭിഭാഷകർക്കും ഒട്ടേറെ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാറുണ്ട്.

Previous Post Next Post