Zygo-Ad

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്.

കണ്ണൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ജൂണ്‍ നാലിന് സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനും വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി നടത്താനും ക്രമീകരണങ്ങളുമായി കേരളാ പോലീസ്. ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നല്‍കിയത്.

ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം സുഗമമായി നടത്തുന്നതിനും രാഷ്ട്രീയ സംഘര്‍ഷങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഒഴിവാക്കാനുമായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അന്നേദിവസം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവിമാരും റെയ്ഞ്ച് ഡി.ഐ.ജിമാരുമാണ് കൈക്കൊള്ളേണ്ടത്. ഇവര്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ കൊടുക്കണമെന്ന പ്രത്യേകമായി നിര്‍ദേശവുമുണ്ട്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. അഞ്ചാം ഘട്ട വോട്ടെടുപ്പ് മേയ് 20-നാണ് നടക്കുക. ഏപ്രില്‍ 19-നായിരുന്നു ആദ്യഘട്ടം. ഏപ്രില്‍ 26-ന് നടന്ന രണ്ടാം ഘട്ടത്തിലാണ് കേരളം വിധിയെഴുതിയത്. മേയ് 25-ന് നടക്കുന്ന ആറാം ഘട്ടവും ജൂണ്‍ ഒന്നിന് നടക്കുന്ന ഏഴാം ഘട്ടവും കഴിയുന്നതോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.

Previous Post Next Post