കണ്ണൂർ: അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതാക്കൾ ആണയിടുമ്പോഴും കണ്ണൂരിൽ ബോംബ് നിർമാണത്തിന്റെ കണക്കുകൾ നൽകുന്നത് മറ്റൊരു ചിത്രമാണ്. ജില്ലയിൽ അഞ്ച് വർഷത്തിനുള്ളിൽ 250-ലധികം ബോംബുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി കണ്ടെടുത്തത്. രണ്ടുമാസത്തിനിടെ 23 ബോംബുകൾ പിടിച്ചെടുത്തു. സ്ഫോടകവസ്തു നിർമാണ സാമഗ്രികളും കണ്ടെടുക്കുന്നുണ്ട്.
ജില്ലയിൽ എല്ലാ ദിവസവും ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. പാനൂർ, കൊളവല്ലൂർ, തലശ്ശേരി എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ബോംബുകൾ പിടിക്കുന്നത്.
മൂന്ന് വർഷത്തിനിടെ ജില്ലയിൽ എട്ടിടത്ത് സ്ഫോടനങ്ങൾ നടന്നതായാണ് പോലീസിന്റെ കണക്ക്.ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 1998 ശേഷം 10 പേർ കൊല്ലപ്പെട്ടു. ഇതിൽ ആറുപേർ സി.പി.എം. പ്രവർത്തകരും നാലുപേർ ആർ.എസ്.എസ്. പ്രവർത്തകരുമാണ്.