Zygo-Ad

'അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം താമസിപ്പിക്കരുത്'; ഹൈകോടതിയെ സമീപിച്ച് വി.എച്ച്.പി.

വെസ്റ്റ് ബംഗാൾ : വെസ്റ്റ് ബംഗാളിലെ സിലിഗുരി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള സിംഹത്തെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത്. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കി കൽക്കട്ട ഹൈകോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിൽ ഹരജി സമർപ്പിച്ചു.

ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമർപ്പിച്ചത്. ഫെബ്രുവരി 20ന് ഹരജിയിൽ വാദം കേൾക്കും.
സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങൾക്ക് പേരിട്ടതെന്നും സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ നിന്ദിക്കാനാണെന്നും വി.എച്.പി ആരോപിച്ചു.സിംഹങ്ങളുടെ പേര് മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു.

‘നിരവധി ആളുകളുടെ മതവികാരമാണ് വ്രണപ്പെടുത്തുന്നത്. അതിനാൽ സിംഹത്തിൻ്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഞങ്ങൾ കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്‌ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചു’ -വി.എച്ച്.പിയുടെ അഭിഭാഷകൻ ശുഭങ്കർ ദത്ത പറഞ്ഞു.

ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേ രത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങൾ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.
സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം. ഇവ രണ്ടും സെപാഹിജാല സുവോളജിക്കൽ പാർക്കിലാണ് ജനിച്ച് വളർന്നത്. രണ്ടുപേരും ഒരേ ചുറ്റുപാടിൽ കഴിഞ്ഞതിനാലാണ് ഇവിടേക്ക് ഒരുമിച്ച് കൊണ്ടുവന്നത്.

Previous Post Next Post