ന്യൂഡൽഹി: 2023ലെ ജ്ഞാനപീഠം സംസ്കൃത പണ്ഡിതൻ ജഗദ്‌ഗുരു രാമഭദ്രാചാര്യയും പ്രശസ്‌ത ഉറുദു കവി ഗുൽസാറും പങ്കിട്ടു. സാഹിത്യവും സംഗീതവും ആത്മീയതയും സംഗമിച്ച ഒരു ജ്ഞാനപീഠമാണ് ഇത്തവണത്തേത്. ഹിന്ദി സിനിമാ ഗാനങ്ങളിലൂടെ പ്രശസ്‌തനായ ഗുൽസാറിന് 2002 ൽ ഉർദു സാഹിത്യ അക്കാഡമി അവാർഡ്, 2013ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ്, 2004ൽ പത്മഭൂഷൺ എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഉർദു കവികളിൽ ഒരാളായാണ് ഗുൽസാറിനെ കണക്കാക്കപ്പെടുന്നത്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ചിത്രകൂട് ആസ്ഥാനമായുള്ള തുളസീപീഠം സ്ഥാപകനും ഹൈന്ദവാചാര്യനുമാണ് രാമഭദ്രാചാര്യ. ജന്മനാ അന്ധനായ അദ്ദേഹം 100ൽ അധികം പുസ്തകളുടെയും 50 ലധികം പ്രബന്ധങ്ങളുടെയും രചയിതാവാണ്. സംസ്കൃത അദ്ധ്യാപകൻ, വേദ പണ്ഡിതൻ എന്നീ നിലകളിലും സുപരിചിതനാണ് രാമഭദ്രാചാര്യ. സംസ്‌കൃതം, ഹിന്ദി, മൈഥിലി തുടങ്ങിയ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
തുളസീദാസിൻ്റെ രാമചരിതമാനസം, ഹനുമാൻ ചാലിസ എന്നിവയുടെ ഹിന്ദി വ്യാഖ്യാനങ്ങൾ, അഷ്‌ടാദ്ധ്യായിയുടെ സംസ്‌കൃത വ്യാഖ്യാനം, പ്രസ്ഥാനത്രയി ഗ്രന്ഥങ്ങളുടെ സംസ്കൃതവ്യാഖ്യാനം എന്നിവയും സ്വാമി രാമഭദ്രാചാര്യ രചിച്ചിട്ടുണ്ട്. സംസ്കൃതവ്യാകരണം, ന്യായം, വേദാന്തം എന്നീ മേഖലകളിൽ പാണ്ഡിത്യമുള്ളയാളാണ് രാമഭദ്രാചാര്യ. രാമായണ-ഭാഗവത കഥകൾ പൊതുസദസ്സുകളിൽ പറയുന്നതിനും സ്വാമി രാമഭദ്രാചാര്യ ശ്രദ്ധേയനാണ്.