Zygo-Ad

ട്രെയിനില്‍ ഭക്ഷണത്തിന് പൊള്ളും വില; യാത്രക്കാരന്റെ പോസ്റ്റിന് പിന്നാലെ വന്‍പിഴ ചുമത്തി ഐആര്‍സിടിസി.

ന്യൂഡല്‍ഹി: ട്രെയിനില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഭക്ഷണ വിതരണക്കാര്‍ക്ക് വന്‍ പിഴയിട്ടു. ബില്ലില്‍ അമിതവില ഈടാക്കിയെന്നാരോപിച്ച് യാത്രക്കാരന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടപടി.
”ഐആര്‍ടിസി ഡിന്നര്‍ നല്‍കിയ ആള്‍ ഞങ്ങളോട് പറഞ്ഞു, വെജ് താലിയുടെ വില 150 ആണെന്ന്. ഞങ്ങള്‍ക്ക് ബില്‍ ആവശ്യമാണെന്ന് അയാളോട് പറഞ്ഞു. ബില്ല് കൊണ്ടുവന്നപ്പോള്‍, വെജ് താലി- 80 + പനീര്‍ സബ്ജി 70 = 150 എന്നിങ്ങനെയാണ് നല്‍കിയത് ,” എക്‌സ് പോസ്റ്റില്‍ യാത്രക്കാരന്‍ പരാതിപ്പെടുകയായിരുന്നു.
‘ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തതുപോലെ വെജ് താലിക്ക് മാത്രം ബില്ല് തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബില്ലിങ്ങനെയാണെന്ന് പറഞ്ഞ് അദ്ദേഹം ഒരു മണിക്കൂറോളം തങ്ങളുമായി തര്‍ക്കിച്ചു. ഒരു മണിക്കൂറിന് ശേഷം, ഒരു ഉദ്യോഗസ്ഥന്‍ ഇടപെട്ട് വെജ് താലിക്ക് 80 രൂപ നിരക്ക് കാണിച്ച് ബില്‍ നല്‍കുകയായിരുന്നുവെന്നും യാത്രക്കാരന്‍ കുറിച്ചു.
ബില്ലില്‍ കൃത്രിമം കാണിച്ച് അമിത വില ഈടാക്കി ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും ഇന്ത്യന്‍ റെയില്‍വേയോട് ഈ പ്രശ്‌നം പരിഹരിക്കണമെന്ന് യാത്രക്കാരന്‍ ആവശ്യപ്പെടുകയും ചെയ്തു. ”ഭക്ഷണത്തിന് അമിതവില നല്‍കുകയും ബില്ലില്‍ മറ്റ് ഘടകങ്ങള്‍ ചേര്‍ക്കുകയും ചെയ്തുകൊണ്ട് ജീവനക്കാര്‍ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് വ്യക്തമാണ്. ഇത്തരത്തിലുള്ള പെരുമാറ്റം ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതിനാല്‍ ദയവായി ഇത് പരിശോധിക്കുക,” യാത്രക്കാരന്‍ പരാതിയില്‍ പറഞ്ഞു.
ഐആര്‍സിടിസി വിഷയത്തില്‍ ഇടപെടുകയും ഭക്ഷണ വിതരണക്കാര്‍ക്ക് പിഴ ചുമത്തിയതായി അറിയിച്ചു. ഭക്ഷണത്തിന് അമിത നിരക്ക് ഈടാക്കിയ ജീവനക്കാരെ പുറത്താക്കിയതായും ഐആര്‍സിടിസി അറിയിച്ചു

Previous Post Next Post