Zygo-Ad

വിറക് അടുപ്പിലെ പാചകം; അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പഠനഫലം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന പാചകരീതിയാണ് വിറക് ഉപയോഗിച്ചിട്ടുള്ളത്. എല്‍.പി.ജി, വൈദ്യുതി,സ്റ്റൗ മുതലായവ ഉപയോഗിച്ചുള്ള പാചകരീതികള്‍ രാജ്യത്ത് വ്യാപകമല്ലാത്തത് മൂലമാണ് വിറകുകള്‍ കത്തിച്ചുള്ള പാചക രീതിയെ കൂടുതല്‍ ഇന്ത്യന്‍ ഗ്രാമങ്ങള്‍ ആശ്രയിക്കുന്നത്.എന്നാല്‍ ഇത്തരത്തില്‍ വിറക്,ചാണകം എന്നിവ ഉപയോഗിച്ച് വിറകടുപ്പില്‍ പാചകം ചെയ്യുന്നത് ശ്വാസകോശ അര്‍ബുദം മുതല്‍ ക്ഷയ രോഗത്തിന് വരെ കാരണമാകുമെന്നാണ് പുറത്ത് വരുന്ന ചില പഠനങ്ങള്‍ പറയുന്നത്.
അടുത്തിടെ നടത്തിയ നാഷണല്‍ സാംപിള്‍ സര്‍വേ പ്രകാരം രാജ്യത്ത് 77 ശതമാനം പേരും ഫോസില്‍ ഇന്ധനങ്ങളാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നുള്ള രോഗങ്ങള്‍ കൂടുതലും ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.വിറക് കത്തുമ്പോള്‍ പുറത്ത് വരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, അസ്ഥിരമായ ജൈവ സംയുക്തങ്ങള്‍, നൈട്രജന്‍ ഓക്‌സൈഡ് ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നിവ ശ്വസിക്കുന്നതാണ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നത്.
ശ്വാസകോശത്തേയും രക്തക്കുഴലുകളേയും ബാധിക്കുന്ന ഈ വിഷവസ്തുക്കള്‍ അര്‍ബുദം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. കൂടാതെ കാലാവസ്ഥ വൃതിയാനത്തിന് ആക്കം കൂട്ടുന്നതിനും വിറകടുപ്പിലെ പാചകം കാരണമാകുന്നു.

Previous Post Next Post