Zygo-Ad

വേറെ ഒന്നും വേണ്ട, പിണറായിയെ ഒന്ന് ഇറക്കിത്തന്നാല്‍ മതി; മടുത്തിട്ടാണ് പറയുന്നത്'.

അടിമാലി; ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് യാചനാ സമരം നടത്തിയ മറിയക്കുട്ടിയെ കാണാന്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി എത്തി. വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു സന്ദര്‍ശനം.
ബിജെപി നേതാക്കള്‍ക്കൊപ്പമാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിച്ചു.
കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താന്‍ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു. ബിജെപിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുകയാണ്. തനിക്ക് മഞ്ഞ കാര്‍ഡ് ഇല്ല. അത് സിപിഎം-കാര്‍ക്കുള്ളതാണ്. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താന്‍ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇക്കാര്യം പറയുന്നത്. വേറെ ഒന്നും വേണ്ട. ഇവനെ ഒന്ന് ഇറക്കിതന്നാല്‍ മതിയെന്ന് മറിയക്കുട്ടി പറഞ്ഞു
പെട്രോള്‍ അടിക്കുമ്പോള്‍ രണ്ട് രൂപ അധികം പിരിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി മറിയക്കുട്ടിയോട് പറഞ്ഞു. ഇത് പാവങ്ങള്‍ക്കുള്ള പെന്‍ഷന്‍ നല്‍കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഇനിയങ്ങോട്ട് ആ രണ്ട് രൂപ നല്‍കില്ലെന്ന് ജനങ്ങള്‍ തീരുമാനിക്കണം. ഇന്ത്യന്‍ ഓയില്‍ അടക്കമുള്ള കമ്പനികള്‍ക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതണം. ഈ സര്‍ക്കാരിനെ നമ്പാന്‍ കൊള്ളത്തില്ല, പാവങ്ങളെ പറ്റിച്ച് കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി പറഞ്ഞു. നിങ്ങള്‍ ഇവര്‍ പറയുന്നത് സെന്‍സര്‍ ചെയ്‌തേ കൊടുക്കാവൂ, അമ്മയ്ക്ക് വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടാവരുത്. നിങ്ങള്‍ക്ക് അവരെ ഒക്കെ നന്നായി അറിയാം. വളരെ ശ്രദ്ധിച്ചേ കൊടുക്കാന്‍ പാടുള്ളൂ എന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയില്‍ അന്ന ഔസേപ്പും (80) കഴിഞ്ഞ ചൊവ്വാഴ്ചയാണു ഭിക്ഷയെടുത്തു പ്രതിഷേധിച്ചത്. പിന്നാലെ, മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും ഒന്നരയേക്കര്‍ സ്ഥലവും 2 വീടുകളും ഉണ്ടെന്നും സിപിഎം പ്രചരിപ്പിരുന്നു. ഇവരുടെ മക്കളും സഹോദരങ്ങളും ഉള്‍പ്പെടെ വിദേശത്തുണ്ടെന്നും ഈ വസ്തുതകള്‍ മറച്ചുവച്ചാണു ഭിക്ഷ യാചിക്കാന്‍ ഇറങ്ങിയതെന്നും സിപിഎം ആരോപിച്ചിരുന്നു.
പിന്നാലെ, വിഷയത്തില്‍ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.

Previous Post Next Post