കണ്ണൂർ :പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിലെ പെട്രോൾ പമ്പുകളിൽ നാളെ പരിശോധന നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ അഞ്ച് വീതം പമ്പുകളിലാണ് എഥനോൾ അളവ് പരിശോധിക്കുന്നത്.
ഓരോ പമ്പിൽ നിന്നും ആറു വീതം സാമ്പിളുകൾ വീതം ശേഖരിക്കും. എഥനോൾ അളവ് കൃത്യമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. പരിശോധനയിൽ എഥനോൾ അളവ് കൂടുതലായി കണ്ടെത്തിയാൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുകയും വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിക്കുകയും ചെയ്യും.
പെട്രോൾ ഉൽപന്നങ്ങളിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ എഥനോൾ കലർത്തുന്നുവെന്ന പരാതികളെ തുടർന്ന് മന്ത്രി അനൂപ് ജേക്കബ് ആണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷന് പരിശോധന നടത്താൻ നിർദേശം നൽകിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ നടപടി.
കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് അവിടുത്തെ സർക്കാർ കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും മുൻകരുതലെന്ന നിലയിൽ ഈ പരിശോധന സംഘടിപ്പിക്കുന്നത്.
