സെൻട്രൽ ജയിലിനുള്ളിലേക്ക് ലഹരിമരുന്നും നിരോധിത വസ്തുക്കളും കടത്തുന്നത് തടയുന്നതിൽ അധികൃതർ പരാജയപ്പെടുന്നു. കഴിഞ്ഞ ഡിസംബറിൽ സെൻട്രൽ ജയിലിലെ ആശുപത്രിയുടെ മതിലിനു പിന്നിൽനിന്ന് മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റും പിടികൂടിയിരുന്നു. ജയിലിനുള്ളിലേക്ക് കഞ്ചാവ്, ബീഡി, മൊബൈൽ ഫോൺ തുടങ്ങിയവ കടത്തിയ സംഭവങ്ങളിൽ പൊലീസ് അന്വേഷണം നടത്തി പ്രത്യേക നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും ലഹരികടത്ത് വീണ്ടും വർധിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ജയിലിനുള്ളിൽ നടന്ന പരിശോധനകളിൽ തടവുകാരിൽ നിന്ന് ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുവെന്ന് സംശയിക്കുന്ന ഓയിൽ അടങ്ങിയ പ്ലാസ്റ്റിക് ബോട്ടിൽ ജയിൽ ഗേറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയുണ്ടായി. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ തടവുകാരനായ സിദ്ദിഖിനെതിരെ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ തടവുകാരനായ റഫീഖിന്റെ പക്കൽ നിന്നും ഹഷീഷ് ഓയിൽ ബോട്ടിലും സിം അടങ്ങിയ മൊബൈൽ ഫോണും ബാറ്ററിയും ഡേറ്റ കേബിളും പിടികൂടി. ജയിലിനുള്ളിലെ ആറാം ബ്ലോക്കിൽ കെട്ടിടത്തിന്റെ പിറകിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. ജയിലിനുള്ളിൽ തടവുപുള്ളികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ലഹരിവസ്തുക്കൾ ഒളിപ്പിക്കുന്നതും നിരന്തരം ആവർത്തിക്കുകയാണ്.
