കണ്ണൂർ: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ യോഗാസന വേദികളിൽ അസാമാന്യ വഴക്കവും ഏകാഗ്രതയും കൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് 13-കാരിയായ അനുവർണ്ണിക സുജേഷ്. കൂത്തുപറമ്പ് ആമ്പിലാടപ്പൊയിൽ കണിമംഗലം ഹൗസിൽ താമസിക്കുന്ന അനുവർണ്ണിക, മത്സരിച്ച മൂന്ന് ഇനങ്ങളിലും തങ്കപ്പതക്കം സ്വന്തമാക്കി ട്രിപ്പിൾ സ്വർണ്ണ നേട്ടമാണ് കൈവരിച്ചത്. മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കിയുടെ നേട്ടം സ്കൂൾ കായികമേള ചരിത്രത്തിലെ തന്നെ അപൂർവ്വ ഏടാണ്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സ്കൂൾ ഒളിംപിക്സിലും രണ്ട് സ്വർണ്ണവും ഒരു വെള്ളിയും അനുവർണ്ണിക നേടിയിരുന്നു.
ആറാം വയസ്സിൽ ആരംഭിച്ച കഠിനമായ യോഗാസന പരിശീലനമാണ് അനുവർണ്ണികയെ അന്താരാഷ്ട്ര തലത്തിൽ വരെ എത്തിച്ചത്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകൃത കോച്ച് കെ.ടി. കൃഷ്ണദാസിന്റെ കീഴിലാണ് പരിശീലനം. ഈ വർഷം ഓഗസ്റ്റിൽ ശ്രീലങ്കയിൽ നടന്ന ഇന്റർനാഷണൽ യോഗ ഫെഡറേഷന്റെ വേൾഡ് യോഗ കപ്പിൽ സ്വർണ്ണമെഡൽ സ്വന്തമാക്കിയ താരം ദേശീയ തലത്തിലും നിരവധിയായ നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. 2021-ൽ ഗാസിയാബാദിൽ നടന്ന യോഗ ഫെഡറേഷൻ കപ്പിൽ വെള്ളിയും 2022-ൽ പഞ്ചാബിൽ നടന്ന ദേശീയ യോഗാസന ചാമ്പ്യൻഷിപ്പിൽ വെള്ളിയും 2023-ൽ ആസാമിലും 2025-ൽ ഹിമാചൽ പ്രദേശിലും നടന്ന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ വെങ്കലവും നേടിയിട്ടുണ്ട്.
എസ്.ജി.എഫ്.ഐ. സംഘടിപ്പിക്കുന്ന ഈ വർഷത്തെ ദേശീയ സ്കൂൾ ഗെയിംസ് യോഗാസന മത്സരം ജനുവരി ആദ്യവാരം കൊൽക്കത്തയിൽ നടക്കാനിരിക്കെ, അവിടെയും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തീവ്ര പരിശീലനത്തിലാണ് അനുവർണ്ണിക. ക്ഷീര സഹകരണ സംഘം സെക്രട്ടറിയായ പിതാവ് സുജേഷും യോഗ ട്രെയിനറായ മാതാവുമാണ് അനുവർണ്ണികയുടെ പ്രധാന പിന്തുണ.
