Zygo-Ad

കണ്ണൂർ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്; അപേക്ഷ ക്ഷണിച്ചു

 


കണ്ണൂർ: കണ്ണൂർ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് ഒഴിവുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് അടിസ്ഥാനത്തിൽ താൽക്കാലികമായാണ് ഈ നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 13 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 'കമ്മീഷണർ ഓഫ് പോലീസ്, കണ്ണൂർ സിറ്റി, കണ്ണൂർ പി.ഒ, പിൻ: 670001' എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

ആർ.സി.ഐ (RCI) അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജി, സൈക്കോളജി അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും, യു.ജി.സി/ആർ.സി.ഐ അംഗീകൃത രണ്ട് വർഷത്തെ മുഴുവൻ സമയ എം.ഫിൽ യോഗ്യതയും സ്റ്റേറ്റ് അതോറിറ്റിയുടെ കീഴിലുള്ള പ്രാക്ടീഷണർ രജിസ്ട്രേഷനുമാണ് പ്രധാന യോഗ്യതകൾ.

ഇതിനുപുറമെ കൗൺസിലിംഗ്, സൈക്കോതെറാപ്പി അല്ലെങ്കിൽ ക്രൈസിസ് ഇന്റർവെൻഷൻ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പോലീസ് അല്ലെങ്കിൽ മറ്റ് ഉയർന്ന മാനസിക സമ്മർദ്ദമുള്ള മേഖലകളിൽ പ്രവർത്തിച്ച പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, പോലീസ് വെരിഫിക്കേഷനിലൂടെ തെളിയിച്ച സൽസ്വഭാവം, മെഡിക്കൽ ഫിറ്റ്‌നസ് എന്നിവയും നിർബന്ധമാണ്.

സോഷ്യൽ പോലീസിങ് ഡയറക്ടറേറ്റ് അംഗീകരിച്ച മാതൃകയനുസരിച്ച് ജില്ലാ പോലീസ് മേധാവി രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ്. 100 മാർക്കിന്റെ എഴുത്തുപരീക്ഷയും 25 മാർക്കിന്റെ അഭിമുഖവും ഉണ്ടായിരിക്കും. യോഗ്യത, പ്രവൃത്തിപരിചയം, പരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനം എന്നിവ വിലയിരുത്തി ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം നൽകുക.

 

Previous Post Next Post