Zygo-Ad

ശ്രീകണ്ഠാപുരം ടൗൺ വെള്ളത്തിൽ മുങ്ങി; വീടുകളിൽ വെള്ളം കയറി, ആളുകളെ മാറ്റിപ്പാർപ്പിച്ചു.

 

ശ്രീകണ്ഠാപുരം: കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ പെയ്യുന്ന കനത്ത മഴയിൽ ശ്രീകണ്ഠാപുരം ടൗണിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ രാത്രിയോടെയാണ് ടൗണിലും പരിസര പ്രദേശങ്ങളിലും മഴവെള്ളം കയറിയത്. ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളും നിരവധി കടകളും വെള്ളത്തിനടിയിലായി.

ശ്രീകണ്ഠാപുരം - തളിപ്പറമ്പ് റോഡിലെ സിഗ്നൽ ലൈറ്റ് ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് വാഹനഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പട്ടാന്നൂർ വില്ലേജിലെ ആയിപ്പുഴ, നായിക്കാലി, പാണലാട് പ്രദേശങ്ങളിൽ പുഴ കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

ആയിപ്പുഴയിൽ 18 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവിടെയുണ്ടായിരുന്ന ആറ് അതിഥി തൊഴിലാളികളെ ആയിപ്പുഴ സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. പാണലാട് ആറ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താമസക്കാർ ബന്ധുവീടുകളിലേക്ക് മാറി. നായിക്കാലിയിൽ ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിക്കുകയും ഏഴ് വീടുകളുടെ താഴത്തെ നിലയിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.

മുൻകാല പ്രളയങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ച മേഖലയാണ് ശ്രീകണ്ഠാപുരം ടൗൺ. വീണ്ടും ടൗണിൽ വെള്ളം കയറിയതോടെ വ്യാപാരികളും പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്.



Previous Post Next Post