Zygo-Ad

'ഓപ്പറേഷൻ തൂഫാൻ' ജയിലുകളിലും; വ്യാപക പരിശോധനയിൽ കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടി


സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരില്‍ വ്യാപക പരിശോധന നടത്തി.

പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിലാണ് പരിശോധന നടന്നത്. തിരുവനന്തപുരത്ത് ഇന്നലെ (ജൂലൈ 30) രാത്രി ആരംഭിച്ച റെയ്ഡ് ഇന്ന് (ജൂലൈ 31) പുലർച്ചെ അവസാനിച്ചു. 

പരിശോധനയില്‍ പൂജപ്പുര, കണ്ണൂർ സെൻട്രല്‍ ജയിലുകളില്‍ നിന്ന് കഞ്ചാവ് പൊതികള്‍, ഹാഷിഷ് ഓയില്‍, സിഗരറ്റ്, ബീഡി, കത്തി, മൊബൈല്‍ ചാർജർ എന്നിവ കണ്ടെടുത്തു. സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ 58 കേസുകളിലായി 62 പേരെ കൂടി അറസ്റ്റ് ചെയ്തു. 

ഇതോടെ ഈ പദ്ധതിക്ക് കീഴില്‍ എടുത്ത കേസുകളുടെ എണ്ണം 8,215 ആയി ഉയർന്നു. ഇതുവരെ ആകെ 8,835 അറസ്റ്റുകളാണ് നടന്നത്. റെയ്ഡുകളിലായി 6,675 ഗ്രാം എം.ഡി.എം.എ, 754 കിലോഗ്രാം കഞ്ചാവ്, 295 ഗ്രാമിലധികം ഹെറോയിൻ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ലഹരി വിരുദ്ധ നടപടികള്‍ക്ക് പുറമെ ബോധവല്‍ക്കരണ പരിപാടികളും ശക്തമായി പുരോഗമിക്കുകയാണ്. ഇന്നലെ (ജൂലൈ 30) മാത്രം 65 ബോധവല്‍ക്കരണ ക്ലാസുകള്‍ പോലീസ് നടത്തി. 

ഇതോടെ പദ്ധതിയുടെ ഭാഗമായി ഇതുവരെ 8,203 ബോധവല്‍ക്കരണ ക്ലാസുകളും 472 കൗണ്‍സിലിംഗുകളും സംഘടിപ്പിച്ചു. കൂടാതെ സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 6,050 ബോധവല്‍ക്കരണ പരിപാടികളും പൂർത്തിയാക്കിയിട്ടുണ്ട്.

Previous Post Next Post