കണ്ണൂർ നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരോധിത ലഹരിവസ്തുക്കൾ പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് ഡിവിഷനിലെ വിവിധ സ്റ്റേഷൻ പരിധികളിലാണ് കർശന പരിശോധന നടത്തിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരമായിരുന്നു വിവിധ കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തിയത്. പരിശോധനയിൽ വൻതോതിൽ പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
നിയമവിരുദ്ധമായി ലഹരിവസ്തുക്കൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി, മയ്യിൽ, തലശ്ശേരി, ചൊക്ലി, പിണറായി, കൂത്തുപറമ്പ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി നിലവിൽ 7 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലായി 137 സ്ഥലങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും ലഹരിമാഫിയകൾക്കെതിരെയുള്ള ഇത്തരം കർശന പരിശോധനകൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
