കണ്ണൂർ: ഇരിട്ടി - മട്ടന്നൂർ റൂട്ടിലെ കളറോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയുമായ ഒ.സി. ബിന്ദുവിന്റെ മകൻ മരിച്ചു.
മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജ് - ഒ.സി. ബിന്ദു ദമ്പതികളുടെ ഏക മകനായ സി. സായന്ത് രാജ് (25) ആണ് അപകടത്തിൽ മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ 1.15-ഓടെയായിരുന്നു ദാരുണമായ സംഭവം. തിരുവനന്തപുരത്ത് പോകാനായി അമ്മ ബിന്ദുവിനെ ഇന്നലെ രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ട ശേഷം സായന്ത് രാജ് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്നു.
തുടർന്ന് ഇരിട്ടിയിൽ നിന്ന് കൂത്തുപറമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് കളറോഡിൽ വെച്ച് സായന്ത് രാജ് ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.
കാറിലുണ്ടായിരുന്ന യാത്രക്കാരായ അഭിരാം (25), ഹൃഷിരാജ് (25) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് മട്ടന്നൂർ പോലീസും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
സായന്ത് രാജിന് അപകടത്തിൽ പരിക്കേറ്റു എന്ന വിവരം മാത്രമാണ് ബിന്ദുവിനെ പ്രാഥമികമായി അറിയിച്ചിട്ടുള്ളത്. എങ്കിലും വിവരമറിഞ്ഞതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണം ബിന്ദുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
