കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ച മാനസിക വിഷമത്തിന് ഇടയാക്കിയ യഥാര്‍ത്ഥ കാരണം താനല്ലെന്നും മറ്റു പലതുമാണെന്നും കേസിലെ ഒന്നാം പ്രതിയും കോളേജിലെ പാത്തോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ.എം.കെ. റാം.
നിതിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ താന്‍ ഒരുതരത്തിലും കുറ്റക്കാരനല്ലെന്നും അത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് റാമിന്റെ മൊഴി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയ റാം തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം നിഷേധിച്ചു.
തുടക്കത്തില്‍ പോലീസ് പിടിയിലായപ്പോഴും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയപ്പോഴും റാമിന്റെ മുഖത്ത് അമ്പരപ്പും സങ്കടവുമായിരുന്നു.
അന്വേഷണസംഘത്തിന് മുന്നില്‍ പലപ്പോഴും പൊട്ടിക്കരഞ്ഞ റാം, റിമാന്‍ഡിലിരിക്കെ കണ്ണൂര്‍ സബ് ജയിലില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതോടെ സംസാരിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കോടതി പ്രതിയെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
മരിക്കുന്നതിന്റെ 28 ദിവസം മുന്‍പാണ് നിതിന്‍ രാജിനെ അവസാനമായി കണ്ടതെന്നാണ് റാമിന്റെ മൊഴി. മാര്‍ച്ച് 13-ന് കോളേജില്‍വെച്ചായിരുന്നു അത്. നിതിന്‍ രാജ് മരിക്കുന്ന ഏപ്രില്‍ 10-ന് പ്രിന്‍സിപ്പലിന്റെ മുറിയില്‍ അധ്യാപകരുമായി കൂടിക്കാഴ്ച നടന്നിരുന്നെങ്കിലും താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും റാം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞപ്പോള്‍ സ്വന്തം മക്കളെ ശകാരിക്കുന്നതു പോലെയാണ് സംസാരിച്ചത്. ഇതാണ് തനിക്കെതിരെ മറ്റ് നാല് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ മൊഴി നല്‍കാന്‍ കാരണം. താന്‍ യാതൊരുവിധത്തിലുള്ള ജാതീയ അധിക്ഷേപങ്ങളും നടത്തിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് റാം.
കേസന്വേഷണത്തിന്റെ ഭാഗമായി ഡോ. റാം താമസിച്ചിരുന്ന പള്ളിക്കുന്നിലെ വീട്ടിലും റാമിന്റെയും ഭാര്യയുടെയും ക്ലിനിക്കിലും അന്വേഷണ സംഘം പരിശോധന നടത്തി. വീട്ടിലെ കിടപ്പു മുറിയിലെ മേശയില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
ഇത് കൂടുതല്‍ പരിശോധനകള്‍ക്കായി സൈബര്‍ ക്രൈം പോലീസിന് കൈമാറിയിട്ടുണ്ട്. ഈ ഫോണ്‍ ഉപയോഗിച്ച് നിതിന്‍ രാജിനെയോ മറ്റ് വിദ്യാര്‍ത്ഥികളെയോ അധ്യാപകരെയോ വിളിച്ചിരുന്നോ എന്ന് പോലീസ് ശാസ്ത്രീയമായി പരിശോധിക്കും.
റാം നിര്‍വ്വഹിച്ചിരുന്ന രണ്ട് ക്ലിനിക്കുകളില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ ഡയറി ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക രേഖകള്‍ പോലീസ് പിടിച്ചെടുത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ റാമിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യലും തെളിവെടുപ്പും പുരോഗമിക്കുന്നത്.
