Zygo-Ad

ജില്ലയിൽ പരക്കെ മോഷണം: കണ്ണൂര്‍ പ്രസ് ക്ലബ് റോഡിലെ ഏഴ് കടകളില്‍ വൻ കവര്‍ച്ച; ഒന്നേകാല്‍ ലക്ഷം രൂപയും സാധനങ്ങളും നഷ്ടപ്പെട്ടു


കണ്ണൂർ: നഗര ഹൃദയത്തിലെ പ്രസ് ക്ലബ് റോഡിലെ ഏഴ് കടകളില്‍ പരക്കെ മോഷണം. ജൂണ്‍ 10 ബുധനാഴ്ച അർധരാത്രിയാണ് കടകളുടെ മേല്‍ക്കൂരയിലെ ഷീറ്റ് പൊളിച്ചും പൂട്ട് തകർത്തും മോഷ്ടാവ് അകത്ത് കയറിയത്.

ഒന്നേകാല്‍ ലക്ഷം രൂപയും നിരവധി സാധനങ്ങളുമാണ് വിവിധ കടകളില്‍ നിന്നായി നഷ്ടപ്പെട്ടത്. അർധരാത്രി എത്തിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. വാച്ച്‌, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ബാഗ്, പച്ചക്കറി, മൊബൈല്‍ എന്നിവ വില്‍പന നടത്തുന്ന കടകളിലാണ് കവർച്ച നടന്നത്.

ജനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള വാച്ച്‌ കടയില്‍ നിന്നും മേശവലിപ്പിലുണ്ടായിരുന്ന 3000 രൂപയും എട്ട് വാച്ചുകളുമാണ് നഷ്ടപ്പെട്ടത്. 

നവാസിന്റെ താജ് മൊബൈല്‍ ഷോപ്പില്‍ നിന്നും ഇയർഫോണ്‍, ചാർജർ എന്നിവയും അനസ് കക്കാടിന്റെ ബാഗ് കടയില്‍ നിന്നും 2000 രൂപയും ദീപ സ്‌റ്റോറില്‍ നിന്നും കത്തിവാളും മറ്റ് ഉപകരണങ്ങളും 5000 രൂപയും കവർന്നു. 

നാസർ കക്കാടിന്റെ തുണിക്കടയുടെ പൂട്ട് പൊളിച്ച്‌ അകത്ത് കയറിയെങ്കിലും അവിടെ നിന്നും ഒന്നും നഷ്ടമായിട്ടില്ല. തൊട്ടടുത്ത രതീഷിന്റെ പച്ചക്കറിക്കടയിലും കള്ളൻ കയറിയിരുന്നു. ഫുട്ട് ഓവർ ബ്രിഡ്ജ് റോഡിലെ കൂത്തുപറമ്പ് സ്വദേശി സമീറിന്റെ റെഡിമെയ്ഡ് ഷോപ്പില്‍ നിന്നും പാന്റ്സ്, ഷർട്ട് എന്നിവയും 500 രൂപയുമാണ് മോഷണം പോയത്.

Previous Post Next Post