കണ്ണൂർ: കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും മലയോര മേഖലയിലുള്ളവർ നഗരത്തിലേക്ക് എത്തുന്നതിനുള്ള പ്രധാന ആശ്രയവുമായ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കാനുള്ള തീരുമാനത്തിൽ നിന്നും കോർപ്പറേഷൻ അടിയന്തരമായി പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. സമിതിയുടെ പഴയ ബസ് സ്റ്റാൻഡ് യൂണിറ്റ് സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
വിവിധ സർക്കാർ ഓഫീസുകളിലേക്കും മറ്റും എത്തുന്ന സാധാരണക്കാരായ യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതാണ് ഈ തീരുമാനമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. യൂണിറ്റ് സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ നാസർ കോട്ടാഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി അബ്ദുൾ നാസർ കോട്ടാഞ്ചേരി (പ്രസിഡന്റ്), അസീസ് വടക്കുമ്പാട് (സെക്രട്ടറി), ഷുഹൈബ് റിയൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി എം.എ. അബ്ദുറഹിമാൻ, അഹമദ് മെലഡി, പി.കെ. മുനീർ എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി ഷംസീർ ക്രോസ്സ, റഫീഖ് ഗോൾഡൻ, ഇബ്രാഹിം കുട്ടി എന്നിവരെയും നിശ്ചയിച്ചു.
