Zygo-Ad

നിതിന്‍ രാജിന്റെ മരണം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഓര്‍ത്തോഡോന്റിക് വിഭാഗം ജീവനക്കാര്‍ ഒന്നടങ്കം രാജിവച്ചു


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ ജീവക്കാരും രാജിവച്ചു.

വകുപ്പിലെ ഏഴ് ജീവനക്കാരാണ് ഒന്നിച്ച്‌ രാജിക്കത്ത് സമർപ്പിച്ചിരിക്കുന്നത്.

 ജീവനക്കാരൊന്നിച്ച്‌ രാജിക്കത്ത് നൽകിയതോടെ ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം ആവതാളത്തിലായിരിക്കുകയാണ്. എന്നാൽ രാജിക്കത്ത് നിലവിൽ കോളജ് മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.

നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കോളജിലെ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ സോഷ്യൽ മീഡിയയിലുടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വകുപ്പിലെ മുഴുവൻ ജീവനക്കാരും കൂട്ടമായി രാജിവെച്ചിരിക്കുന്നത്.

അതേ സമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ പ്രതികൾ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി.

 ഒളിവിൽ കഴിയുന്ന ഓറല്പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ റാം, അസോസിയേറ്റഡ് പ്രൊഫ. ഡോ. കെ.ടി സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഹർജി 22ന് വീണ്ടും കോടതി പരിഗണിക്കും.

കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുന്നതിന് മുമ്പ് നിതിൻ രണ്ടു മണിക്കൂറോളം കോളജ് പ്രിൻസിപ്പലിന്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും നിതിന്റെ മരണത്തിൽ തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്നും ഇരുവരും നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു.

 നിതിൻ പ്രിൻസിപ്പലിന്റെ റൂമിലുണ്ടായ സമയത്ത് വൈസ് പ്രിൻസിപ്പലും ഡോ. ലതയും ഉൾപ്പെടെ മറ്റ് പലരും മുറിയിൽ ഉണ്ടായിരുന്നു. നിതിൻ പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ നിൽക്കുന്നത് മറ്റുള്ളവർ കണ്ടിട്ടുണ്ട്.

 ഡോ. ലതയാണ് നിതിനെതിരേ സൈബർ സെല്ലിൽ പരാതി നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ നിതിന്റെ ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പിന്റെ ഭീഷണി കാരണമാണെന്നും അധ്യാപകർ നൽകിയ ഹർജിയിൽ പറയുന്നുണ്ട്.

അതേസമയം, പ്രതികളുടെ മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നുവെന്നും വാദം തീരുന്നതു വരെ അറസ്റ്റ് പാടില്ലെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും പബ്ലിക്ക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയിൽ പറഞ്ഞു.

 കഴിഞ്ഞ 10നാണ് തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നു ചാടി മരിച്ചത്.

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരേ കേസ് ഉണ്ട്. ചക്കരക്കൽ പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇൻസ്റ്റ പേ എന്ന ആപ്പിനെതിരായാണ് കേസ്.

ജനുവരിയിലാണ് നിതിൻ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15,000 രൂപ വായ്പയെടുത്തത്. ഏപ്രിൽ മുതൽ നിതിനെ ആപ്പുമായി ബന്ധപ്പെട്ടവർ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.

 ലോൺ ആപ്പ് നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉൾപ്പെടെ ഭീഷണി സന്ദേശങ്ങൾ അയച്ചതായും പ്രിൻസിപ്പൽ നിതിനെ വിളിച്ചുവരുത്തി ലോണിനെക്കുറിച്ച്‌ ചോദിച്ചതായും വാർത്തകൾ വന്നിരുന്നു.

ലോൺ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ മുമ്പ് സൈബർ സെല്ലും കേസെടുത്തിരുന്നു. ഇതിന്റെ വിവരങ്ങൾ ചക്കരക്കൽ പൊലിസിന് കൈമാറുകയായിരുന്നു.

 ലോൺ ആപ്പിന്റെ ഭീഷണിയും കോളജിന്റെ ഭാഗത്തു നിന്നുണ്ടായ ചോദ്യം ചെയ്യലുമാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും കുടുംബം ഇത്തരം വാദങ്ങൾ തള്ളുകയായിരുന്നു.

 ലോൺ ആപ്പുമായി ബന്ധപ്പെട്ട് കോളജിലെ സ്റ്റാഫ്റൂമിൽ എന്താണ് സംഭവിച്ചതെന്ന് അധികൃതർ കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് നിതിന് രാജിന്റെ ബന്ധുക്കൾ പറയുന്നത്. ലോൺ ആപ്പിന്റെ ഉടമകളായ ഉത്തർപ്രദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Previous Post Next Post