Zygo-Ad

'നേതൃത്വത്തെ അണികൾ തിരുത്തണം'; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; പയ്യന്നൂരിൽ വൻ ജനാവലി


 പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ഫണ്ട് വിവാദം വെളിപ്പെടുത്തി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം പ്രകാശനം ചെയ്തു. പയ്യന്നൂരിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിർവഹിച്ചു. വി.എസ്. അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. കനത്ത പോലീസ് കാവലിൽ നടന്ന ചടങ്ങിൽ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

പാർട്ടിയെ സംരക്ഷിക്കണോ അതോ അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കണോ എന്ന ചോദ്യത്തിന് മുന്നിൽ താൻ പാർട്ടിയെയാണ് തിരഞ്ഞെടുത്തതെന്ന് വി. കുഞ്ഞികൃഷ്ണൻ ചടങ്ങിൽ പറഞ്ഞു. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിലും രക്തസാക്ഷി ധനരാജ് ഫണ്ടിലുമായി 91 ലക്ഷത്തോളം രൂപയുടെ കവർച്ച നടന്നതായാണ് പുസ്തകത്തിലെ വെളിപ്പെടുത്തൽ. നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്നും ഇതിനാലാണ് തനിക്ക് തുറന്നെഴുതേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുസ്തക പ്രകാശന ചടങ്ങ് തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നതായും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. പരിപാടി മാറ്റിവെച്ചതായി നവമാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തി. വീടിന് മുന്നിൽ പടക്കം പൊട്ടിച്ചും അനുഭാവിയുടെ ബൈക്ക് തീവെച്ച് നശിപ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമമുണ്ടായി. ഹൈക്കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം ഉറപ്പാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. പുതിയ കാലത്തെ ഫാസിസമാണ് പാർട്ടിയിൽ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.



Previous Post Next Post