Zygo-Ad

പയ്യന്നൂരിൽ മദ്യപാനത്തിനിടെ തർക്കം: മൂന്ന് യുവാക്കൾക്ക് കുത്തേറ്റു; പ്രതിക്കെതിരെ പോലീസ് കേസെടുത്തു

 


പയ്യന്നൂർ | 19 ജനുവരി 2026

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് മൂന്ന് യുവാക്കളെ ആയുധം കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. രാമന്തളി കുന്നരുവിലെ രാഹുലിനെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11:30 ഓടെ കുന്നരുവിലെ ഹരകുമാറിന്റെ വീടിന് സമീപമായിരുന്നു സംഭവം.

കൂടുതൽ മദ്യം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പരാതിയിൽ പറയുന്നു. അഴീക്കോട് മൂന്നുനിരത്ത് സ്വദേശി കെ. ജിതിൻ (28), സുഹൃത്തുക്കളായ ഗോകുൽ, ഹരിദാസ് എന്നിവർക്കാണ് കുത്തേറ്റത്. ജിതിന്റെ നെഞ്ചിലും ഗോകുലിന്റെ കണ്ണിന് താഴെയും ഹരിദാസിന്റെ നെഞ്ചിലും പള്ളയിലുമാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന യദുവിനെ പ്രതി മർദ്ദിക്കുകയും ചെയ്തു.

പരിക്കേറ്റ മൂവരും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി രാഹുലിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.



Previous Post Next Post