Zygo-Ad

കണ്ണൂര്‍ നടാലിലെ ദേശീയപാത നിര്‍മ്മാണം യാത്രികർക്ക് ദുരിതം: 19ന് കേന്ദ്ര ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയർപ്പിച്ച് യാത്രക്കാരും ബസ് ഉടമകളും


ചാല: നടാലിലെ ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയില്‍ പ്രതിഷേധിച്ച്‌ ജനുവരി 28 മുതല്‍ കണ്ണൂർ - തലശേരി - തോട്ടട റൂട്ടില്‍ സ്വകാര്യ ബസ് സമരം വീണ്ടും തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോ.ഭാരവാഹികളുടെ യോഗം മുന്നറിയിപ്പ് നല്‍കി.

ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുമ്പോഴും നടാല്‍ റെയില്‍വേ ഗേറ്റ് പരിസരത്തെ നിർമ്മാണം സ്വകാര്യ ബസുകള്‍ക്കും മറ്റു യാത്രക്കാർക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. 

ഇവിടെ പുതുതായി നിർമ്മിച്ച അടിപ്പാതയ്ക്ക് ഉയരം കുറവായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് പ്രവേശിക്കാൻ കഴിയില്ല. 

ഇതോടെ കെ.എസ്.ആർ.ടി.സി ബസ്സുകളും സ്വകാര്യ ബസ്സുകളും വീതി കുറഞ്ഞ സർവീസ് റോഡുകളെ ആശ്രയിക്കേണ്ടി വരികയാണ്.. ഇത് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിനാണ് വഴിയൊരുക്കുന്നത്.

കഴിഞ്ഞ ദിവസം എടക്കാട് ഒ.കെ.യു.പി സ്കൂള്‍ പരിസരത്ത് അടിപ്പാതയില്‍ സി. സദാനന്ദൻ എം.പി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 

ദേശീയപാത നിർമ്മാണത്തിലെ പിഴവ് മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ട് ബോധ്യപ്പെട്ടതായും, ഇത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം യാത്രക്കാർക്കും പ്രദേശവാസികള്‍ക്കും ഉറപ്പു നല്‍കി. 

ജനുവരി 19-ന് ഡല്‍ഹിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച്ച നടത്തുകയെന്ന് എം.പി അറിയിച്ചു.

അതേ സമയം, ഗതാഗത തടസ്സം നീക്കാൻ അടിയന്തര നടപടി വേണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. 

ജനുവരി 24-ന് നടക്കുന്ന ചർച്ചയില്‍ തീരുമാനമായില്ലെങ്കില്‍ 28 മുതല്‍ കണ്ണൂർ-തലശ്ശേരി റൂട്ടില്‍ സർവീസുകള്‍ നിർത്തിവെച്ച്‌ പ്രതിഷേധിക്കാനാണ് സംയുക്ത സമിതിയുടെ തീരുമാനം.

ദേശീയപാത അതോറിറ്റിയുടെ ആസൂത്രണ പിഴവാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് പ്രദേശവാസികളുടെ പരാതി. കേന്ദ്ര മന്ത്രിയുടെ ഇടപെടലോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Previous Post Next Post