കണ്ണൂർ: പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചു പൂട്ടലിനെതിരെ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിച്ചത്. ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് ഡോ: ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.
സേവന മേഖലകളെ അപ്പാടെ തകർത്ത് രാജ്യത്തിൻ്റെ പൊതു സമ്പത്താകെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിൻ്റെ നയത്തെ തൊഴിലാളികൾ ചെറുക്കുമെന്ന് ഡോ: ജോസ് ജോർജ് പ്ലാത്തോട്ടം പറഞ്ഞു. എഫ്.എൻ.പി.ഒ. സംസ്ഥാന അസി. സെക്രട്ടറി പി.വി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ്, ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ഇ. മനോജ് കുമാർ , സംസ്ഥാന അസി.സെക്രട്ടറി ദിനു മൊട്ടമ്മൽ , കെ.രാഹുൽ, പി.ടി.രന്ദീപ്, വി.കെ.രതീഷ് കുമാർ, ഷജിൽ നമ്പ്രോൻ, എം.കെ. ഡൊമിനിക്ക്, സി.വി.ചന്ദ്രൻ, എം. നവീൻ എന്നിവർ പ്രസംഗിച്ചു.