ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം 2023-24-ൽ മികച്ച മൂന്നാമത്തെ ജില്ലാ പഞ്ചായത്തായി കണ്ണൂർ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ, ശുചിത്വ, ജലസംരക്ഷണ മേഖലകളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളും നൂതന ഇടപെടലുകളും ആണ് കണ്ണൂർ ജില്ലാ പഞ്ചായത്തിനെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ ആസ്പത്രി, ജില്ലാ ഹോമിയോ ആസ്പത്രി, ജില്ലാ ആയുർവേദ ആസ്പത്രി എന്നിവയുടെ പ്രവർത്തനമികവും അവാർഡ് കരസ്ഥമാക്കാൻ സഹായകമായി. ആസ്പത്രികൾക്ക് ജില്ലാ പഞ്ചായത്ത് ഫണ്ടിന് പുറമേ സിഎസ്ആർ ഫണ്ടുകൾ കൂടി ലഭ്യമാക്കി നടത്തിയ വികസന പ്രവർത്തനങ്ങൾ അവാർഡ് നേടിയെടുക്കുന്നതിൽ ഒരു പ്രധാന ഘടകമായി. ജില്ലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ കണ്ണൂർ ജില്ലാ ആസ്പത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്ക്, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ജില്ലാ ഹോമിയോ ആയുർവേദ ആസ്പത്രികളിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവ മികവുറ്റവയാണ്.