കണ്ണൂർ: പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് അധിക വില ഈടാക്കുന്ന പദ്ധതിയെച്ചൊല്ലി ഉപഭോക്താക്കള്‍ക്കൊപ്പം ബെവറജസ് കോർപ്പറേഷൻ ജീവനക്കാരും സംഘർഷത്തിലാകുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ വില്പന ശാലകളില്‍ നടപ്പാക്കിയ പദ്ധതിയെത്തുടർന്ന് ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ പതിവായി വാക്തർക്കവും സംഘർഷവും ഉടലെടുത്തതോടെയാണ് ജീവനക്കാരുെട സംഘടനകള്‍ തീരുമാനത്തിനെതിരേ തിരിഞ്ഞിരിക്കുന്നത്.
പിൻവാതിലിലൂടെ മദ്യവില വർധിപ്പിക്കുകയാണ് ചെയ്തതെന്ന് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി) ആരോപിക്കുന്നു. സൗകര്യങ്ങള്‍ ഏർപ്പെടുത്തി മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബെവറജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) മാനേജിങ് ഡയറക്ടർക്ക് കത്ത് നല്‍കി.
കുടുംബശ്രീ പ്രവർത്തകരെ കുപ്പി ശേഖരിക്കാനായി നിയമിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അതുണ്ടായിട്ടില്ല. പകരം ദിവസ വേതനാടിസ്ഥാനത്തില്‍ ഷോപ്പുകളില്‍ ആളെ നിയമിച്ചു തുടങ്ങി.
ഇവർ രാവിലെ 10 മുതല്‍ രാത്രി ഒൻപതു വരെ ജോലി ചെയ്യണം. മിനിമം കൂലിയായ 710 രൂപ കൂടാതെ എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നതിന്റെ അലവൻസായി 420 രൂപയും ചേർത്ത് 1,130 രൂപ ഇവർക്ക് നല്‍കും.
സെപ്റ്റംബർ 10 മുതലാണ് കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ 20 വില്പന ശാലകളില്‍ പ്ലാസ്റ്റിക് കുപ്പികളിലുള്ള മദ്യത്തിന് അളവ് വ്യത്യാസമില്ലാതെ 20 രൂപ വർധിപ്പിച്ചത്.
മദ്യ വിലയ്ക്കുള്ള ബില്ലിനു പുറമേ 20 രൂപയുടെ സ്ലിപ്പ് നല്‍കും. കുപ്പിക്ക് മുകളില്‍ വില്പനശാലയുടെ പേരുള്ള സ്റ്റിക്കർ പതിക്കുകയും ചെയ്യും.
വാങ്ങിയ ഷോപ്പില്‍ കുപ്പി തിരിച്ചെത്തിച്ചാല്‍ 20 രൂപ തിരിച്ചു കിട്ടും. പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.
സ്ലിപ്പ് നല്‍കലും സ്റ്റിക്കർ പതിക്കലും തിരിച്ചെത്തുന്ന കുപ്പി വാങ്ങി പണം തിരികെ നല്‍കലും എല്ലാമായതോടെ ജീവനക്കാരുടെ പണി ഇരട്ടിച്ചു എന്ന് മാത്രമല്ല തിരക്കിനിടയിൽ ഇത്രയും കാര്യങ്ങൾ ചെയ്ത് തീർക്കാൻ നട്ടം തിരിയുകയാണ് ഇവർ പലയിടത്തും ഉപഭോക്താക്കള്‍ വാക്തർക്കത്തിലേർപ്പെടാനും തുടങ്ങി.
ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികള്‍ വില്‍ക്കുന്ന ഷോപ്പുകളില്‍ ഓരോന്നിനും 20 രൂപ പ്രത്യേകം ഈടാക്കി രശീത് കൊടുക്കുന്നത് അപ്രായോഗികമാണെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.
വില്ക്കുന്നതിന്റെ ചെറിയ ശതമാനം പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമാണ് രണ്ടു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തുന്നത്. പയ്യന്നൂരിലെ ഷോപ്പില്‍ 353 കുപ്പികളാണ് വ്യാഴാഴ്ച തിരിച്ചെത്തിയത്.
അയ്യായിരത്തോളം പ്ലാസ്റ്റിക് കുപ്പികളാണ് ഇവിടെ ദിവസേന വില്‍ക്കുന്നത്. സമാനമാണ് മറ്റിടങ്ങളിലെയും സ്ഥിതി. തിരിച്ചെത്തിക്കുന്ന കുപ്പികള്‍ സൂക്ഷിക്കുന്നതും പ്രയാസമായിത്തുടങ്ങിയിട്ടുണ്ട്.
പദ്ധതി നിർത്തി വെക്കണമെന്ന് ഷോപ്പ് ചുമതലക്കാർ
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധിക വില ഈടാക്കുന്ന പദ്ധതി താത്കാലികമായെങ്കിലും നിർത്തി വെക്കണമെന്ന് കണ്ണൂർ ജില്ലയിലെ ഷോപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ. ബെവ്കോ എംഡിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ആവശ്യം ഉന്നയിച്ചത്.
ഷോപ്പുകളുടെ പരിസരത്ത് പരസ്യ മദ്യപാനം കാരണം പൊറുതി മുട്ടിയെന്നും വനിത ജീവനക്കാരോട് ചിലർ മോശമായി പെരുമാറുന്നുവെന്നും കാണിച്ചാണ് പരാതി.