Zygo-Ad

ഗോവിന്ദച്ചാമി ജയില്‍ ചാടിയിട്ട് രണ്ടു മാസം പിന്നിട്ടപ്പോൾ വൈദ്യുതവേലി പുനഃസ്ഥാപിക്കപ്പെടാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിൽ


കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ചുറ്റുമതിലിന് മുകളില്‍ സ്ഥാപിച്ച വൈദ്യുതവേലി പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല.

മൂന്നു വര്‍ഷമായി വേലി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരുന്നത്.

ഗോവിന്ദച്ചാമിയുടെ തടവുചാട്ടത്തിനു ശേഷം വേലി അറ്റകുറ്റപ്പണി നടത്തി വൈദ്യുതി കടത്തി വിടുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ജയില്‍ ഡിഐജി ബലറാം കുമാര്‍ ഉപാധ്യായ നിര്‍ദേശം നല്‍കിയിരുന്നു. 

എന്നാല്‍ ഫെന്‍സിങ് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയുണ്ടായില്ല. സെന്‍ട്രല്‍ ജയിലിന്റെ പ്രധാന ചുറ്റുമതിലിന്റെ മുകളിലായി 2000 മീറ്ററോളം ദൈര്‍ഘ്യത്തിലാണ് ഫെന്‍സിങ് സ്ഥാപിച്ചിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പാണ് ഫെന്‍സിങ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടിയെടുക്കേണ്ടതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. 

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിനു ശേഷം സുരക്ഷാ വീഴ്ച മുന്‍നിര്‍ത്തി സെന്‍ട്രല്‍ ജയിലില്‍ കൂടുതല്‍ പരിശോധനകളും സുരക്ഷയും ഒരുക്കിയിരുന്നെങ്കിലും ഫെന്‍സിങ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പ്രധാനപ്പെട്ട സുരക്ഷാ സംവിധാനം ഒരുക്കാത്തത് വീഴ്ചയായി കണക്കാക്കുന്നു.

ഫെന്‍സിങ് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗോവിന്ദച്ചാമിക്ക് അറിവുണ്ടായിരുന്നോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. സെന്‍ട്രല്‍ ജയിലിലെ പ്രധാന മതിലിലെ വേലി മറികടന്നാണ് ഗോവിന്ദച്ചാമി തടവുചാടി രക്ഷപ്പെട്ടത്.

തടവുകാരുടെ ബ്ലോക്കുകള്‍ക്കും ബലക്ഷയം

സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ പാര്‍പ്പിക്കാന്‍ 10 ബ്ലോക്കുകളും ഒരു പുതിയ ബ്ലോക്കുമാണുള്ളത്. 1050 തടവുകാരാണ് നിലവില്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. 

പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് ജയില്‍ ഡിഐജി നല്‍കിയ റിപ്പോര്‍ട്ടില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ട്. 

ഇത്തരം കെട്ടിടങ്ങളും പ്രവര്‍ത്തിക്കാത്ത ഫെന്‍സിങ്ങും തടവുകാരുടെ ജയില്‍ ചാട്ടത്തിന് കാണമാണെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

കൊടും ക്രിമിനലുകളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പാര്‍പ്പിക്കുന്ന അതി സുരക്ഷയുള്ള 10-ാം ബ്ലോക്ക് ജീര്‍ണാവസ്ഥയിലാണ്.

പ്രധാന കവാടം കഴിഞ്ഞ് വലതു ഭാഗത്ത് വാച്ച്‌ ടവറിന് അടുത്തായി ചതുരാകൃതിയിലുള്ള കെട്ടിടമാണ് പത്താം ബ്ലോക്ക്. ഇതില്‍ എ, ബി, സി, ഡി എന്നിങ്ങനെ നാല് സെല്ലുകളുമുണ്ട്. ഓടു മേഞ്ഞ കെട്ടിടമാണ്. റിപ്പര്‍ ജയാനന്ദനും ഇതേ പത്താം നമ്പര്‍ ബ്ലോക്കില്‍ നിന്ന് തടവ് ചാടിയിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് കനത്ത മഴയില്‍ ജയിലിന്റെ കിഴക്കു ഭാഗത്തുള്ള മതില്‍ തകര്‍ന്നു വീണിരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണിത് പുനര്‍ നിര്‍മിച്ചത്.

Previous Post Next Post